ടോക്യോ: ഒളിമ്പിക്സിൽ വനിതാ താരങ്ങളുടെ ചിത്രങ്ങൾ ലൈംഗിക താത്പര്യത്തോടെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടിയെടുത്ത് ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് സർവീസ്. മുൻകാല കവറേജുകളിൽ കണ്ടതുപോലെയുള്ള ചിത്രങ്ങൾ ഇനി കാണാൻ കഴിയില്ലെന്നും ശരീരഭാഗങ്ങൾ അടുത്തു കാണുന്ന വിധമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യില്ലെന്നും ഒളിമ്പിക് ബ്രോഡ്കാസ്റ്റിങ് ചീഫ് എക്സിക്യൂട്ടീവ് യിയാനിസ് എക്സാർക്കോസ് വ്യക്തമാക്കി. എന്നാൽ ബീച്ച് വോളിബോൾ, ജിംനാസ്റ്റിക്സ്, നീന്തൽ തുടങ്ങിയ കായിക ഇനങ്ങളിൽ ഇത് എത്രമാത്രം പ്രായോഗികമാണ് എന്നത് സംശയമാണ്.
ശരീരഭാഗങ്ങൾ കാണിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനെതിരേ ജർമനിയുടെ ജിംനാസ്റ്റിക്സ് ടീം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ പരമ്പരാഗത വേഷമായ തോള് മുതൽ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാർഡിന് പകരം കണങ്കാൽ വരെയെത്തുന്ന വേഷം ധരിച്ചാണ് സാറ വോസ്, പൗലീൻ ഷാഫർ-ബെറ്റ്സ്, എലിസബ് സെയ്റ്റ്സ്, കിം ബ്യു തുടങ്ങിയ താരങ്ങൾ മത്സരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യിയാനിസ് എക്സാർക്കോസിന്റെ പ്രതികരണം.
വനിതാ താരങ്ങളുടെ വസ്ത്രധാരണത്തിന് അമിതപ്രാധാന്യം നൽകിയുള്ള സംപ്രേഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പുതുക്കിയ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വനിതാ താരങ്ങൾക്ക് ആദരവ് നൽകുന്ന തരത്തിലായിരിക്കണം പെരുമാറ്റമെന്നും വസ്ത്രം സ്ഥാനം തെറ്റി നിൽക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെങ്കിൽ അതു നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യണമെന്നുമാണ് പുതിയ മാർഗനിർദേശത്തിൽ പറയുന്നത്.