ആദ്യം പഴയതും കേടായതുമായ ഫോണ്‍ നല്‍കി കബളിപ്പിച്ചു; ഫോണ്‍ തിരികെ എടുത്ത ശേഷം പണം നല്‍കാതെ ഭീഷണി മുഴക്കല്‍; ഓണ്‍ലൈന്‍ വ്യാപാരിക്ക് 70,000 രൂപ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് പഴയതും കേടായതുമായ മൊബൈല്‍ ഫോണ്‍ നല്‍കി കമ്പളിപ്പിക്കുകയും അത് തിരികെ എടുത്ത ശേഷം പണം തിരികെ നല്‍കാതിരുന്ന ഓണ്‍ലൈന്‍ വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ചെന്നൈ ആസ്ഥാനമായ ലാപ്ടോപ്സോണ്‍ എന്ന സ്ഥാപനത്തിനെതിരായ പരാതിയിലാണ് കോടതി 70,000 രൂപ പിഴയിട്ടത്.

2023 ഏപ്രിലില്‍, കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കെ.എസ്. മാരിയപ്പന്‍ ഓണ്‍ലൈനിലൂടെ 55,000/ രൂപക്ക് വാങ്ങിയ സാംസങ് ഗാലക്‌സി ട21 മൊബൈലിന് ഗുണനിലവാരമില്ലായ്മയും നേരത്തെ ഉപയോഗിച്ചതുമായ പഴക്കവും കണ്ടെത്തിയിരുന്നു. അധികമായി ഓര്‍ഡര്‍ ചെയ്ത ആക്‌സസറികളും ഫോണിനൊപ്പം ഉണ്ടായിരുന്നില്ല.

എതിര്‍ കക്ഷി ആദ്യം പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് കൈപ്പറ്റിയ ഫോണ്‍ തിരികെ അയക്കാനാണ് ഉപഭോക്താവിനോട് ആവശ്യപ്പെട്ടത്. ഉപഭോക്താവ് ഫോണും കവര്‍ ലെറ്ററും കോറിയറില്‍ അയച്ചുവെങ്കിലും പണം തിരികെ നല്‍കുന്നതില്‍ എതിര്‍കക്ഷി വീഴ്ചവരുത്തുകയും ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

വിശ്വാസവഞ്ചനയിലൂടെ ഉപഭോക്താവിനെ കമ്പളിപ്പിച്ചത് അധാര്‍മ്മികമായ വ്യാപാര രീതിയാണ് ഓണ്‍ലൈന്‍ വ്യാപാരി അനുവര്‍ത്തിച്ചത്. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഫോണിന്റെ വിലയായ 55,000/ രൂപയും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 15,000/ രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ: സിജോ ജോര്‍ജ് കോടതിയില്‍ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News