25.4 C
Kottayam
Sunday, May 19, 2024

മരിച്ചെന്ന് കരുതി ഒന്നരദിവസം ഫ്രീസറില്‍,സംസ്‌കാരത്തിന് തൊട്ടുമുമ്പ് വയോധികന്റെ കൈ അനങ്ങി,പിന്നീട് സംഭവിച്ചത്‌

Must read

ചെന്നൈ: തമിഴ്‌നാട്ടില്‍ മരിച്ചെന്ന് കരുതി ഫ്രീസറില്‍ സൂക്ഷിച്ച ആള്‍ക്ക് സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ട് രക്ഷപ്പെടുത്തി. സേലത്താണ് എഴുപത്തിയാറുകരനെ ഒന്നരദിവസം മുഴുവന്‍ അബദ്ധവശാല്‍ ബന്ധുക്കള്‍ ഫ്രീസറില്‍ സൂക്ഷിച്ചത്. ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ജീവനക്കാരനാണ് മരിച്ചെന്ന് കരുതിയ ആള്‍ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.

ശവസംസ്‌കാരത്തിനുള്ള അവസാന വട്ട തയാറെടുപ്പുകള്‍ നടക്കുന്നതിനിടെ എഴുപത്തിയാറുകാരനായ ബാലസുബ്രഹ്മണ്യന് ഫ്രീസറില്‍ നിന്ന് ജിവിതത്തിലേക്ക് മോചനം ലഭിക്കുകയായിരുന്നു. ഫ്രീസറില്‍ നിന്ന് മൃതദേഹം മാറ്റുന്നതിനിടെയാണ് മരിച്ചെന്ന് കരുതിയ ആള്‍ ശ്വാസം എടുക്കുന്നതായും കൈകള്‍ അനക്കുന്നതായും ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്.

മരിച്ചെന്ന് കരുതി അവസാനമായി കാണാനെത്തിയ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും, ആത്മാവ് പൂര്‍ണമായും വിട്ടുപോകാത്തതിനാലാണ് കൈകകള്‍ അനക്കുന്നതെന്നായിരുന്നു വിചിത്രമായ മറുപടി. നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതോടെ, സേലം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയായിരുന്നു.

മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. സഹോദരന്‍ ശരവണകുമാറിനും ശരവണന്റെ മകള്‍ക്കുമൊപ്പമാണ് ബാലസുബ്രഹ്മണ്യം കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വാര്‍ദ്ധക്യസഹജമായ അസുഖം കൂടിയതോടെ സേലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ പ്രതീക്ഷ വേണ്ടെന്നും വീട്ടില്‍ തന്നെ കിടത്തി പരിചരിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.

ഇന്നലെ രാത്രി കാര്യമായ പ്രതികരിക്കാതായതോടെ മരിച്ചെന്ന് തെറ്റിധരിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ ബാലസുബ്രഹ്മണ്യം മരിച്ചെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേരാണ് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. ബന്ധുക്കള്‍ മനപ്പൂര്‍വ്വം ഫ്രീസറില്‍ കിടത്തിയതാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ജീവന് ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി പെരുമാറിയതിന് ബന്ധുക്കള്‍ക്ക് എതിരെ കേസ് എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week