കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി. കോയമ്പത്തൂരിലെ നെഹ്‌റു കോളേജ് മാനേജ്മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ കോയമ്പത്തൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികൾ വൻ ആഘോഷവും ഡി.ജെ. പാർട്ടിയും നടത്തിയെന്നായിരുന്നു യൂട്യൂബ് ചാനലിലെ വാർത്ത. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം ആഘോഷിക്കുന്നവരാണ് ഈ വിദ്യാർഥികളെന്നും ചില ദൃശ്യങ്ങൾ സഹിതം യൂട്യൂബ് ചാനൽ വാർത്ത നൽകുകയായിരുന്നു. ഹെലികോപ്റ്റർ അപകടം നടന്നതിന്റെ പിറ്റേദിവസമായ ഡിസംബർ ഒമ്പതിനാണ് പാർട്ടി നടന്നതെന്നും വാർത്തയിലുണ്ടായിരുന്നു.
എന്നാൽ, യൂട്യൂബ് ചാനലിന്റെ വാർത്തയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്ന് വെളിപ്പെടുത്തി കോളേജ് മാനേജ്മെന്റാണ് പോലീസിൽ പരാതി നൽകിയത്. ഡിസംബർ ഏഴാം തീയതി കോളേജ് ഹോസ്റ്റലിൽ നടന്ന ഫ്രഷേഴ്സ് പാർട്ടിയുടെ ദൃശ്യങ്ങളാണ് ഹെലികോപ്റ്റർ അപകടം ആഘോഷിക്കുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞ് യൂട്യൂബ് ചാനൽ പുറത്തുവിട്ടതെന്നും ഇത് വ്യാജവാർത്തയാണെന്നും മാനേജ്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അപകടം നടന്നതിന്റെ പിറ്റേദിവസം കോളേജിൽ അനുസ്മരണ പരിപാടികളടക്കം സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിൽ വ്യാജവാർത്ത നൽകുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു.