നോയിഡ: മദ്യപിക്കാനുള്ള പണം കണ്ടെത്താന്‍ ഓഫീസ് ബോയ് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആക്രിക്കടയില്‍ വിറ്റു. നോയിഡയിലെ മുഖ്യ മെഡിക്കല്‍ ഓഫീസറുടെ(സിഎംഒ) കാര്യാലയത്തിലെ ഓഫീസ് ബോയിയാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തത്. മദ്യപിക്കാനുള്ള എക്‌സ്ട്രാ പണം കണ്ടെത്താന്‍ ഓഫീസിലെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളില്‍ പകുതിയിലധികവും ഇയാള്‍ എടുത്ത് വില്‍ക്കുകയായിരിന്നു.
നരേഷ് എന്നാണ് ഓഫീസ് ബോയിയുടെ പേര് ഇതുവരെ അഞ്ഞൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ ആക്രിക്കടയില്‍ വിറ്റെന്നാണ് പറയുന്നത്. എന്നാല്‍ ആക്രിക്കടയില്‍ നിന്നും 10,500 ജനന സര്‍ട്ടിഫിക്കറ്റും 2,500 ഓളം മരണ സര്‍ട്ടിഫിക്കറ്റും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്ന് ആഴ്ച്ച മുമ്പണ് മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിച്ചത്. ഇതു കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഓഫീസ് ബോയി ആണ് സര്‍ട്ടിഫിക്കറ്റുകള്‍ മോര്‍ണയിലുള്ള ആക്രിക്കടയില്‍ രേഖകള്‍ വിറ്റതായി കണ്ടെത്തിയത്. മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റതെന്നാണ് നരേഷിന്റെ വിശദീകരണം.
ആരോഗ്യവകുപ്പ് സൂക്ഷിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളാണ് ഇവിടെയുണ്ടായിരുന്നത്. അതേസമയം, ക്ഷയരോഗ വകുപ്പുമായി ബന്ധപ്പെട്ട രേഖകളും ആക്രിക്കടയില്‍ നിന്നും കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രി കച്ചവടക്കാരനില്‍ നിന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങിച്ചതായി സെക്ടര്‍ 19 പോലീസ് സ്റ്റേഷന്‍ ആസാദ് സിംഗ് തോമര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സിഎംഒയുടെ ഓഫീസിലെ ആഭ്യന്തര കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. ഗാര്‍ബേജ് ബോക്‌സില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.
ഓഫീസില്‍ ദിവസ വേതന ജീവനക്കാരനാണ് നരേഷ്. സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റതിലൂടെ നേരഷിന് തുച്ഛമായ പണം ലഭിച്ചിട്ടുണ്ടാകാമെന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. സംഭവം അറിഞ്ഞതോടെ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയതായും അദ്ദേഹേം അറിയിച്ചു.