ന്യൂഡല്‍ഹി :ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍ നേടിത്തന്ന ജാവില്ന്‍ താരം നീരജ് ചോപ്രയ്ക്ക് വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒരു വര്‍ഷകാലം നീരജിന് ഇനി സൗജന്യമായി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് സിഇഒ റോണോജോയി ദത്ത അറിയിച്ചു.
കഠിനാധ്വാനവും സഹിഷ്ണുതയും അഭിനിവേശവും ഉണ്ടെങ്കില്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാനാകുമെന്ന് നീരജ് ചോപ്ര കാട്ടിത്തന്നു. ഭാവിയിലെ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് പ്രചോദനമാകും നീരജ് ചോപ്രയെന്ന് തനിക്ക് ഉറപ്പുണ്ടെന്നും റോണോ ജോയി ട്വിറ്ററില്‍ കുറിച്ചു.
ഇന്‍ഡിഗോയ്ക്ക് പുറമെ കര്‍ണാടക സര്‍ക്കാരും നീരജിന് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ ആനന്ദ് മഹീന്ദ്ര നീരജിന് മഹീന്ദ്രയുടെ പുതിയ പതിപ്പ് സമ്മാനമായി നല്‍കുമെന്ന് അറിയിച്ചിരുന്നു. മഹീന്ദ്രയുടെ പുതിയ പതിപ്പായ എക്സ് യുവി 700 ആണ് നീരജിന് സമ്മാനമായി നല്‍കുക.
ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് വമ്പന്‍ ഓഫറുമായി ഐ പി എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്സ്. നീരജിന്റെ സുവര്‍ണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി നമ്പറും ചെന്നൈ സൂപ്പര്‍ കിങ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
നീരജ് ചോപ്രയ്ക്ക് പാരിതോഷികമായി ഒരു കോടി രൂപ നല്‍കാനാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തീരുമാനം . 8758 എന്ന നമ്പറിലുള്ള ജഴ്സിയാണ് നീരജിന്റെ പ്രകടനത്തെ ആദരിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ ഭാഗമാക്കുക.
‘നീരജ് ചോപ്രയുടെ സുവര്‍ണ നേട്ടത്തില്‍ ഇന്ത്യക്കാരെന്ന നിലയില്‍ നാമെല്ലാം അഭിമാനിക്കുകയാണ്. രാജ്യത്തെ യുവ തലതലമുറയെ സ്പോര്‍ട്സിലേക്ക് ആകര്‍ഷിക്കാനും വലിയ വേദികളില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആത്മവിശ്വാസം നല്‍കുന്നതുമാണ് ചോപ്രയുടെ നേട്ടം’ , ചെന്നൈ സൂപ്പര്‍ കിങ്സ് വക്താവ് പറഞ്ഞു.