ചെന്നൈ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തി. ഞായറാഴ്ച പുലർച്ചെ 4.40-നാണ് സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. കോറമണ്ഡൽ എക്‌സ്പ്രസിലെ യാത്രക്കാരാണ് ഒഡിഷയിലെ ഭദ്രക്കിൽ നിന്നും പ്രത്യേക ട്രെയിനിൽ ചെന്നൈയിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ 8.40-നാണ് പ്രത്യേകവണ്ടി പുറപ്പെട്ടത്.
വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ 288 പേരുടെ മരണം റെയിൽവേ സ്ഥിരീകരിച്ചു. സംഭവത്തിൽ 1000-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബഹനാഗബസാർ സ്റ്റേഷൻ പരിധിയിൽ നടന്ന ദുരന്തത്തിലേക്ക് നയിച്ചത് കോറമണ്ഡൽ എക്‌സ്പ്രസ് സിഗ്നൽ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണെന്നാണ് വ്യക്തമാകുന്നത്.
കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ഡൽ എക്‌സ്പ്രസാണ് ആദ്യം പാളംതെറ്റുകയും തുടർന്ന് നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്. ഇതിന്റെ ആഘാതത്തിൽ തെറിച്ച കോറമണ്ഡൽ എക്‌സ്പ്രസിന്റെ ചില കോച്ചുകൾ അതേ സമയത്ത് തന്നെ എതിർദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ അവസാന നാല് കോച്ചുകളിൽ ചെന്ന് പതിച്ചു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ സംഘത്തിൽ പത്ത് മലയാളികളുണ്ടെന്നാണ് വിവരം. ഇവരിൽ ഒരാൾക്ക് ഗുരുതരമല്ലാത്ത പരിക്കുണ്ട്. ഇദ്ദേഹത്തെ രാജിവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ ഇന്ന് തന്നെ നോർക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.
തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെയും ദക്ഷിണ റെയിൽവേയുടേയും നേതൃത്വത്തിൽ യാത്രക്കാർക്കായുള്ള മെഡിക്കൽ സംവിധാനങ്ങളെല്ലാം ചെന്നൈ സെൻട്രലിൽ ഒരുക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സ ആവശ്യമായവർക്ക് സ്റ്റേഷനിൽ വച്ചും തുടർന്ന് ആവശ്യമാണെങ്കിൽ ആശുപത്രികളിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി ചെന്നൈ സെൻട്രലിൽനിന്ന് ഒഡിഷയിലെ ഭദ്രകിലേക്കും ശനിയാഴ്ച പ്രത്യേക തീവണ്ടി ഏർപ്പെടുത്തിയിരുന്നു. ചെന്നൈയിൽനിന്ന് ശനിയാഴ്ച വൈകീട്ട് 7.20-നാണ് ഈ വണ്ടി പുറപ്പെട്ടത്. ഭുവനേശ്വറിൽനിന്ന് ചെന്നൈയിലേക്ക് വരുന്നവർക്കും ചെന്നൈയിൽനിന്ന് ഒഡിഷയിലേക്ക് പോകുന്ന അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കും സൗജന്യ യാത്രയാണ് അനുവദിച്ചത്.
അപകടത്തിൽ ജീവൻ നഷ്ടമായവരുടെ 160 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഭുവനേശ്വറിലേക്ക് മാറ്റും. ബന്ധുക്കളെ ഭുവനേശ്വറിൽ എത്തിച്ച് തിരിച്ചറിയാൻ സൗകര്യമൊരുക്കും.