സെൻ്റ് ജോൺസ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ടൈറ്റൻ തകർന്നതായും അതിലെ യാത്രക്കാർ എല്ലാവരും മരിച്ചതായും ഓഷ്യൻ ഗേറ്റ്. പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം കണ്ടെത്തി. അമേരിക്കൻ കോസ്റ്റ് ഗാർഡ് ആണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ടൈറ്റാനിക് കപ്പൽ കാണാൻ പോയ സംഘം അപകടത്തിൽപെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദർഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് കാണാതെയായത്. ഓഷ്യൻ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടൽ ടൂറിനായി ഒരാൾ നൽകേണ്ട ഫീസ് രണ്ട് കോടി രൂപയാണ്.
അന്തർവാഹിനിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കടലിന്‍റെ അടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായിഅമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ അന്തര്‍വാഹിനിയിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. പലതവണ കടലിന്റെ അടിത്തട്ടിൽ നിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എട്ട് മണിക്കൂർ സമയത്തിൽ കടലിനടിയിൽ പോയി ടൈറ്റാനിക് കണ്ട് തിരിച്ചു വരാം. അങ്ങനെ പോയ പേടകമാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നത്. കടലിലേക്ക് പോയി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പേടകവുമായുളള ബന്ധം നഷ്ടമാവുകയായിരുന്നു.
അഞ്ച് പേരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ് , ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.