തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കൾ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. കോട്ടുകാൽ ചൊവ്വര പാറ പടർന്ന വീട്ടിൽ സുനിൽ കുമാറിന്റെയും ഷീലയുടെയും മകളും എറണാകുളം സ്വദേശി ഷാനോയുടെ ഭാര്യയുമായ ശില്പ (24) ആണ് അടിമലത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ചത്.
അഞ്ച് വർഷം മുൻപ് വിവാഹം കഴിഞ്ഞ ശില്‍പയുടെ പ്രസവ സംബന്ധമായ ചികിത്സ അടിമലത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. പ്രസവത്തിനായി ഇക്കഴിഞ്ഞ 15 നാണ് ശില്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 16-ാം തിയതി രാത്രി എട്ടരയോടെ സിസേറിയൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് ശില്‍പ പെൺകുഞ്ഞിനെ പ്രസവിച്ചതായും കുട്ടി സുഖമായിരിക്കുന്നെങ്കിലും ശില്‍പയുടെ അവസ്ഥ മോശമാണെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി പിതാവ് സുനിൽകുമാർ പറയുന്നു.
ഉടൻ തന്നെ പുറത്ത് നിന്ന് ആംബുലൻസ് വരുത്തി യുവതിയെയും കുഞ്ഞിനെയും നെയ്യാറ്റിൻകരയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശില്‍പയുടെ ജീവൻ രക്ഷിക്കാനായില്ല. അടിസ്ഥാന സൗകര്യമില്ലാത്ത അടിമലത്തുറയിലെ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയ നടത്തിയതാണ് യുവതിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹവുമായി അടിമലത്തുറയിലെ സ്വകാര്യ ആശുപത്രി ഉപരോധിക്കാൻ നാട്ടുകാർ തീരുമാനിച്ചെങ്കിലും പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം എസ്.ഐ. വിനോദ് അറിയിച്ചു.