KeralaNews

കുമ്മനം പിന്‍ഗാമി എന്ന് പറയില്ല; പിണറായി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുന്നുവെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ. രാജഗോപാല്‍. കുമ്മനത്തിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാനാകുമോ എന്നറിയില്ല. എന്നാല്‍ അദ്ദേഹം ജനപിന്തുണയുള്ള നേതാവാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജഗോപാല്‍ പറഞ്ഞു.

ഇത്തവണ നേമത്തുനിന്ന് മാറിയത് സ്വന്തം തീരുമാന പ്രകാരമാണ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും രാജഗോപാല്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ചതിന്റെ അമര്‍ഷം അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. ഇതിനാലാണ് തനിക്കെതിരേ ആരോപണങ്ങള്‍ ശിവന്‍കുട്ടി ഉന്നയിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

പിണറായി പ്രശംസ ന്യായീകരിച്ചും രാജഗോപാല്‍ രംഗത്തെത്തി. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നത് എന്റെ രീതിയല്ല. പിണറായി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബിജെപി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണം. കഴിവ് തെളിയിച്ചവര്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. ഇനിയും മണ്ഡലങ്ങളില്‍ ഒഴിവുണ്ടല്ലോയെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി കെ.സുരേന്ദ്രന്‍ രംഗത്തെത്തി. ശോഭയുമായി യാതൊരു തര്‍ക്കവുമില്ല തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്നും ഈ വിഷയത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റിധാരണ പരത്തുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് അസൗകര്യമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലേക്ക് പോകുന്നതിന് രണ്ടുദിവസം മുന്‍പ് താന്‍ നേരിട്ട് വിളിച്ച് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചുവെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button