KeralaNews

പൊള്ളലേറ്റ ഭാര്യയുമായി ആശുപത്രിയിലേക്ക് പോകുന്ന ഭര്‍ത്താവിന് സ്വന്തം വസ്ത്രം ഊരി നല്‍കി യുവാവ്

മാനന്തവാടി: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയുമായി മാനന്തവാടിയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും ടീ ഷര്‍ട്ടും ഊരി നല്‍കുന്ന യുവാവിന്റെ ചിത്രവും കുറിപ്പും പങ്കുവെച്ച് മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു. ‘മാനവികതയുടെ സൗന്ദര്യം ഇത്രമേല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ….?’ എന്ന ചോദ്യവുമായി ഫേസ്ബുക്കിലാണ് ഒ.ആര്‍. കേളു എം.എല്‍.എയുടെ കുറിപ്പ്.

തവിഞ്ഞാല്‍ വെണ്‍മണി സ്വദേശിയും സി.പി.എം വെണ്‍മണി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ വാളാട് മേഖല പ്രസിഡന്റുമായ അര്‍ജുന്‍ വെണ്‍മണി എന്ന സഖാവാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത് -എം.എല്‍.എ പറയുന്നു.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെണ്‍മണി ആദിവാസി കോളനിയിലെ മിനിക്ക് സാരമായി പൊള്ളലേല്‍ക്കുന്നത്. ഗുരുതരാവസ്ഥയിലായ മിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ ഭര്‍ത്താവായ ഗോപിയാണ് ആംബുലന്‍സില്‍ കൂടെ പോകേണ്ടത്. കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീര്‍ഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല. പെട്ടെന്ന് വന്നതിനാല്‍ ആരുടേയും കയ്യില്‍ പണവുമില്ല. ലോക്ഡൗണ്‍ ആയതിനാല്‍ കടകളുമില്ല പുതിയതൊന്ന് വാങ്ങാന്‍. 500 രൂപ കടം വാങ്ങി നല്‍കി, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും ഗോപിക്ക് ഊരി നല്‍കി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു അര്‍ജുന്‍ എന്ന് ഒ.ആര്‍ കേളു എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:

മാനവികതയുടെ സൗന്ദര്യം ഇത്ര മേല്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ….?

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും, ടീ ഷര്‍ട്ടും ഊരി നല്‍കുന്ന യുവാവിന്റെ ചിത്രമാണിത്..

തവിഞ്ഞാല്‍ വെണ്‍മണി സ്വദേശിയും സി.പി.ഐ.എം വെണ്‍മണി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ വാളാട് മേഖല പ്രസിഡന്റും ആയ അര്‍ജുന്‍ വെണ്‍മണി എന്ന സഖാവാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത്..

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വെണ്‍മണി ആദിവാസി കോളനിയിലെ യുവതി മിനിക്ക് സാരമായി പൊള്ളലേല്‍ക്കുന്നത്. ഉടനെ അര്‍ജുനന്‍ സുഹൃത്തിനൊപ്പം മിനിയുടെ ഭര്‍ത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലന്‍സിലും മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തുകയായിരുന്നു ..

ഗുരുതരാവസ്ഥയിലായ മിനിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടര്‍ പറഞ്ഞു.

ഭര്‍ത്താവായ ഗോപിയാണ് ആംബുലന്‍സില്‍ കൂടെ പോകേണ്ടത്.

കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ വസ്ത്രം നിറയെ അഴുക്ക് പുരണ്ടതും ദീര്‍ഘയാത്രക്ക് പറ്റിയ ഒന്നുമായിരുന്നില്ല.പെട്ടെന്ന് വന്നതിനാല്‍ ആരുടേയും കയ്യില്‍ പണവുമില്ല. കൂടാതെ സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകളുമില്ല.. പുതിയതൊന്ന് വാങ്ങാന്‍ ….

ഒടുവില്‍ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നല്‍കിയ ശേഷം, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും അര്‍ജുന്‍ ഗോപിക്ക് ഊരി നല്‍കി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു..മിനി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു

മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസുകള്‍ ഈ പ്രതിസന്ധി കാലഘട്ടത്തിലും ഇങ്ങനെ നിറഞ്ഞു നില്‍ക്കുന്നത് കാണുമ്‌ബോള്‍ അഭിമാനം തോന്നുന്നു….

ഇതിനിടയില്‍ അര്‍ജുന്‍ അറിയാതെ സുഹൃത്ത് പകര്‍ത്തിയ ചിത്രമാണിത്..

പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ ….

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker