ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമനില്‍ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിച്ച മൂന്നു ബില്ലുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. നേരത്തെ മൂന്ന് ബില്ലുകളും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു ബില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി.), ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരം യഥാക്രമം, ഭാരതീയ ന്യായസംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) ബില്ലുകളായിരുന്നു കൊണ്ടുവന്നത്.
ഭാരതീയ ന്യായ സംഹിതാ ബില്ലില്‍ വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗലൈംഗികതയും ക്രിമിനല്‍ കുറ്റമാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി സമിതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനോട് പ്രധാനമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്രം അറിയിക്കുന്നത്.
സമിതിയുടെ ഏതാനും നിര്‍ദേശങ്ങള്‍ കൂടെ പരിഗണിച്ച് പുതിയ ബില്ലുകള്‍ അവതരിപ്പിക്കും എന്നാണ് വിവരം. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഈ ആഴ്ച പുതിയ ബില്‍ അവതരിപ്പിച്ചേക്കും.