ലൈംഗികബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കും; രാത്രി ഹോസ്റ്റലില്‍ എത്തി പെണ്‍കുട്ടികളോട് മോശമായി പെരുമാറും; കോളേജ് ഉടമ അറസ്റ്റില്‍
വിജയവാഡ: ഇന്റേണല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച കോളേജ് ഉടമ അറസ്റ്റില്‍. മച്ചിലിപട്ടണം ടൗണിലുള്ള സാറാ ഗ്രേസ് കോളേജ് ഓഫ് നഴ്സിംഗ് കോളേജിലെ തലവന്‍ എസ് രമേഷാ(48)ണ് അറസ്റ്റിലായത്. 22കാരിയായ മൂന്നാം വര്‍ഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നായിരിന്നു അറസ്റ്റ്. മാര്‍ക്ക് വാഗ്ദാനം ചെയ്ത് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്നാണ് പരാതി.
കോളേജിലെ വിദ്യാര്‍ത്ഥിനികളെ രമേഷ് പലപ്പോഴും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കുമെന്നും നിരസിക്കുന്നവര്‍ക്ക് എതിരെ ഇയാള്‍ പ്രതികാര നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുടെ ആവശ്യം എതിര്‍ക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഇന്റേര്‍ണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുകയാണ് രമേഷ് ചെയ്യുന്നത്. കോളേജിലെ പല വിദ്യാര്‍ത്ഥിനികളും ഇയാളുടെ ഭീഷണിയുടെ ഇരകളാണ്. എന്നാല്‍ പരാതി നല്‍കാന്‍ ഇവര്‍ക്ക് ഭയമാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
രമേഷ് പലപ്പോഴും കോളേജില്‍ എത്തുന്നത് മദ്യ ലഹരിയിലാണെന്നും തന്റെ സുഹൃത്തുക്കള്‍ക്കായി കോളേജ് ക്യാമ്പസില്‍ വെച്ച് ഇയാള്‍ പാര്‍ട്ടിയും നടത്താറുണ്ടെന്ന് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. പലപ്പോഴും രമേഷ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറുകയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറാറുമുണ്ട്. ഒരു വാര്‍ഡന്‍ പോലുമില്ലാതെ യാതൊരു സുരക്ഷയും ഇല്ലാത്തത് കൊണ്ട് താന്‍ ഹോസ്റ്റലില്‍ നിന്നും മൂന്ന് മാസം മുമ്പ് മാറിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. മാത്രമല്ല വിദ്യാര്‍ത്ഥിനികളോട് ലൈംഗികപരമായും ജാതി പറഞ്ഞും പ്രതി അധിക്ഷേപിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇയാളെ 2006ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ നഴ്സിംഗ് കോളേജ് തുടങ്ങുകയായിരുന്നു.