കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകരെക്കൂടി നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നഴ്സിനെ പരിചരിച്ചവർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. രോഗബാധിതരായ നഴ്സുമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ, കുടുംബാംഗങ്ങൾ, ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി 120-ഓളം പേരെ കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിപ ബാധിച്ച രണ്ടു നഴ്സുമാരെയും ബെലിയാഗട്ട ഇൻഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന നഴ്സുമാരിലൊരാൾ കോമയിലാണെന്നും മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ സംസ്ഥാനം നിപ രോഗത്തെ പ്രതിരോധിക്കാൻ സജ്ജമാണെന്നും പരിശോധനാ നടപടികൾ പുരോഗമിക്കുകയാണെന്നും പശ്ചിമബംഗാൾ ആരോഗ്യവിഭാഗം സെക്രട്ടറി സ്വരൂപ് നിഗം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സർക്കാർ നിർദേശിച്ചിരിക്കുന്ന പ്രോട്ടോക്കാളുകളുടെ അടിസ്ഥാനത്തിലാണ് ഹോസ്പിറ്റലുകൾ പ്രവർത്തിക്കുന്നത്. അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള രണ്ട് നഴ്സുമാർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇരുവർക്കും എവിടെനിന്നാണ് വൈറസ് ബാധിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇരുവരും ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ മരിച്ചിരുന്നു. ഇയാൾക്ക് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവിടെനിന്നായിരിക്കാം രോഗം പിടിപ്പെട്ടതെന്നും കരുതുന്നുണ്ട്.
രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യവകുപ്പും കടുത്ത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി, രോഗസാധ്യതയുള്ളവരെ തിരിച്ചറിയാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
1998-ൽ മലേഷ്യയിലാണ് ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. അവിടെനിന്ന് സിംഗപ്പൂരിലേക്കും പിന്നാലെ ഇന്ത്യയിലേക്കും രോഗവ്യാപനമുണ്ടായി. 2001-ലാണ് രാജ്യത്താദ്യമായി വെസ്റ്റ്ബെംഗാളിലെ സിലിഗുരിയിൽ നിപ വൈറസ് സ്ഥിരീകരിക്കുന്നത്. അന്ന് അറുപത്തിയാറ് നിപ കേസുകളും 45 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. ആറുവർഷങ്ങൾക്കുശേഷം 2007-ൽ വീണ്ടും വെസ്റ്റ്ബെംഗാളിലെ നാദിയയിൽ രോഗം സ്ഥിരീകരിച്ചു. ശേഷം 2018-ലും 2021-ലും 2023-ലും 2024-ലും കേരളത്തിൽ രോഗം സ്ഥിരീകരിച്ചു. 2018-ൽ 23 നിപ കേസുകളിൽ 21 മരണങ്ങളും സ്ഥിരീകരിച്ചു.
എന്താണ് നിപ?
നിപ രോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും രോഗം പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം.
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽനിന്ന് കുത്തിയെടുത്ത സുഷുമ്നാസ്രവം എന്നിവയാണ് പരിശോധനക്കായി അയക്കുന്നത്.
രോഗലക്ഷണങ്ങൾ
പനിയോട് കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.


