കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് മരിച്ച നഴ്സ് രശ്മിയുടെ പിതാവ് ചന്ദ്രൻ പറഞ്ഞു. ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവാൻ പാടില്ല. മകൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായെങ്കിലും ഒരിക്കലും മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ നഴ്സായിരുന്നു മരിച്ച രശ്മി രാജ്. മെഡിക്കൽ കോളേജിലെ ഹോസ്റ്റലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഓൺലൈനിൽ ഓർഡർ ചെയ്ത ചിക്കൻ അൽഫാമിൽ നിന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് കരുതുന്നത്. മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്. ഇതിനായുള്ള കാത്തിരിപ്പിലാണ് പൊലീസ്.
സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.
ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് 16 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ നേടിയിരുന്നു. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചു പൂട്ടിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതരും പെലീസും പറഞ്ഞു