CrimeKeralaNews

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം: ഹോട്ടൽ അടിച്ചുതകർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ

കോട്ടയം: ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ അടിച്ചുതകർത്തു. സിസിടിവി ക്യാമറകളും ഹോട്ടലിനു മുന്നിൽ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു. കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിനു (മലപ്പുറം കുഴിമന്തി) നേരെയാണ് പ്രതിഷേധം.

ഹോട്ടലിൽ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് രശ്മിക്കു രോഗബാധയുണ്ടായത്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു മരണം. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

ഗാന്ധിനഗർ പൊലീസ് രശ്മിയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ഹോട്ടലിൽനിന്നു തന്നെയാണോ രശ്മി ഭക്ഷണം വാങ്ങിച്ചതെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

ഹോട്ടൽ അധികൃതരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം. പരാതിയുമായി മുന്നോട്ടു പോകുമെന്ന് കുടുംബം വ്യക്തമാക്കി. സംക്രാന്തിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് രശ്മിക്ക് ശാരീരികാസ്വാസ്ഥ്യം തുടങ്ങിയതെന്ന് പിതാവ് ചന്ദ്രന്‍  പറഞ്ഞു. വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തെത്തുടർന്ന് അധികൃതർ ഹോട്ടൽ പൂട്ടിച്ചു. അതേസമയം, പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഒരു മാസം മുൻപ് നഗരസഭാ ആരോഗ്യ വിഭാഗം ഇടപെട്ട് ഇതേ ഹോട്ടൽ അടപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker