ലക്‌നോ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ വീണ്ടും ആക്രമണം. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മിര്‍പുര്‍ കാത്തലിക് മിഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനിയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഈ മാസം 10ന് നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും അധ്യാപിക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് ആക്രമിക്കപ്പെട്ടത്. മിര്‍പുരില്‍നിന്ന് വാരാണസിയിലേക്ക് പോകാന്‍ ഇരുവരും ബസ് കാത്തു നില്‍ക്കവെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ എത്തിയത്.
തുടര്‍ന്ന് കന്യാസ്ത്രീകളെ ഇവര്‍ തടഞ്ഞുവയ്ക്കുകയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഏറെ നേരെ പോലീസ് സ്റ്റേഷനില്‍ ഇരുന്ന കന്യാസ്ത്രീകളെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് മോചിപ്പിച്ചത്. സംഭവത്തില്‍ കന്യാസ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കി. ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് ആദ്യം പരാതി നല്‍കാതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്.