KeralaNews

‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം’; ഫ്രാങ്കോയുടെ മെസേജില്‍ ലൈംഗികദാഹം അല്ലാതെ പിന്നെന്താണെന്ന് എസ് സുദീപ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഫ്രാങ്കോ കേസിലെ വിധിയിലെ ന്യായങ്ങളോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ജഡ്ജി എസ് സുദീപ്. അടിസ്ഥാനരഹിതമായ കണ്ടെത്തലുകളാണ് കോടതി കേസില്‍ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ‘എനിക്കു നിന്നെ കാണണം, എനിക്കു നിന്നെ വേണം, എന്നെ വിളിക്കണം’ എന്ന് ഫ്രാങ്കോ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് അയച്ച സന്ദേശമാണ്. ഇത് ഭീഷണിയെക്കാളും സമ്മര്‍ദ്ദത്തെക്കാളും ഉപരി ലൈംഗികദാഹം തന്നെയാണ് തെളിഞ്ഞു നില്‍ക്കുന്നതെന്നു മനസിലാക്കാന്‍ ആര്‍ക്കാണു കഴിയാത്തതെന്ന് അദ്ദേഹം ചോദിക്കുന്നു.

എസ് സുദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

? ‘എനിക്കു നിന്നെ കാണണം. എനിക്കു നിന്നെ വേണം എന്നെ വിളിക്കണം…’
ഫ്രാങ്കോ പിതാവ്, പരാതിക്കാരിയായ സിസ്റ്റര്‍ എക്‌സിനയച്ചതായി സിസ്റ്റര്‍ എക്‌സ് പറഞ്ഞ സന്ദേശമാണ്.
കോടതി: ‘ഭീഷണിയോ സമ്മര്‍ദ്ദമോ ഒന്നും തന്നെ ഈ സന്ദേശങ്ങളില്‍ നിന്നു വെളിവാകുന്നില്ല.’

? ഫ്രാങ്കോ പിതാവ്, സിസ്റ്റര്‍ എക്‌സിനയച്ച ഇ-മെയില്‍: ‘പ്രിയപ്പെട്ടവളേ, ഞാനിന്നാണു ചിത്രങ്ങള്‍ കണ്ടത്. ഭംഗിയുള്ളത്. ഈ സന്ദേശം കാണുമ്പോള്‍ ദയവായി മറുപടി അയച്ചാലും. നന്ദി.’
അടുത്തത് സിസ്റ്റര്‍, ഫ്രാങ്കോ പിതാവിന് അയച്ച ഇ-മെയില്‍ മറുപടി: ‘പ്രിയ പ്രഭുവേ, ശുഭമദ്ധ്യാഹ്നശേഷം ആശംസിക്കുന്നു. എംജേസ്-നോട് അങ്ങേയ്ക്ക് എത്രമേല്‍ പ്രിയവും ചിന്തയുമുണ്ടെന്ന് ഞാനറിയുന്നു. അങ്ങ് അപ്‌ഡേറ്റ് ചെയ്യാന്‍ താമസിച്ചിരിക്കുന്നു. ഞാനിപ്പോഴാണ് കണ്ടതും മറുപടി അയച്ചതും. അങ്ങയുടെ ആരോഗ്യം, ജോലി, ദൗത്യം, വീക്ഷണം എന്നിവയൊക്കെ എപ്രകാരമിരിക്കുന്നു? എം ജെ യിലും പുറത്തുമുള്ളവരെക്കൂടിയും ശ്രദ്ധാപൂര്‍വ്വം പരിരക്ഷിക്കണേ… പഠനത്തിനായി പുറത്തുള്ളവരെക്കൂടി എന്നാണ് ഞാനുദ്ദേശിച്ചത്. അങ്ങേയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നന്ദി.’
(എം ജെ എന്നാല്‍, മിഷണറീസ് ഓഫ് ജീസസ്)
കോടതി: ‘ഈ സന്ദേശങ്ങളിലെ ഭാഷ അനുഷ്ഠാനപരമോ ഔദ്യോഗികമോ അല്ല. തീര്‍ച്ചയായും ഈ സന്ദേശങ്ങള്‍ പ്രതിയും ഇരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉള്‍ക്കാഴ്ച്ച നല്‍കുന്നു.’

  1. ഓര്‍ക്കണം, സിസ്റ്റര്‍ എക്‌സിനോട് തനിക്കു പ്രണയബന്ധമോ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമോ ഉണ്ടായിരുന്നതായി ഫ്രാങ്കോയ്ക്ക് ഒരു വാദം പോലുമില്ല. പിന്നെന്ത് ഉള്‍ക്കാഴ്ച്ചയാണ് കോടതി സ്വയം സൃഷ്ടിക്കുന്നത്?
  2. ‘എനിക്കു നിന്നെ കാണണം. എനിക്കു നിന്നെ വേണം എന്നെ വിളിക്കണം…’ എന്ന് പ്രതി ഒരു സന്ദേശമയച്ചാല്‍ അതില്‍ ഭീഷണിയെക്കാളും സമ്മര്‍ദ്ദത്തെക്കാളും ഉപരി ലൈംഗികദാഹം തന്നെയാണ് തെളിഞ്ഞു നില്‍ക്കുന്നതെന്നു മനസിലാക്കാന്‍ ആര്‍ക്കാണു കഴിയാത്തത്?
  3. ഫ്രാങ്കോ പരാമര്‍ശിക്കുന്ന ചിത്രങ്ങള്‍ ഏതാണെന്ന് കോടതി പരാമര്‍ശിച്ചിട്ടില്ല. അവ സിസ്റ്റര്‍ എക്‌സിന്റെ ചിത്രങ്ങളാണെങ്കില്‍ കോടതി അതു വ്യക്തമാക്കുമായിരുന്നു. ഫ്രാങ്കോയുടെ കീഴിലുള്ള കുറവിലങ്ങാട് മഠത്തില്‍ സിസ്റ്റര്‍ എക്‌സ് മദര്‍ സുപ്പീരിയറായിരിക്കെ എട്ടു ലക്ഷത്തില്‍പരം രൂപ മുടക്കി അടുക്കള പുതുക്കിപ്പണിയുകയും അത് ഫ്രാങ്കോ നിര്‍ത്തി വയ്പിക്കുകയും പരിശോധിക്കാന്‍ ഫ്രാങ്കോ വരികയും വീണ്ടും നിര്‍മ്മാണം ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. അതിന്റെ ചിത്രങ്ങള്‍ ആയിരിക്കാം. വ്യക്തത നല്‍കേണ്ടത് കോടതിയാണ്. വ്യക്തതയില്ലെങ്കില്‍ സാക്ഷി വിസ്താര വേളയില്‍ കോടതി തന്നെ വ്യക്തത വരുത്തണമായിരുന്നു.
  4. അടുക്കളയോ അരമനയോ എന്തുമാവട്ടെ ചിത്രങ്ങളില്‍. നമുക്കൊന്നും കിട്ടാത്ത എന്ത് ഉള്‍ക്കാഴ്ച്ചയാണ് സിസ്റ്റര്‍ എക്‌സിന്റെ തികച്ചും മാന്യമായ മറുപടി സന്ദേശത്തില്‍ നിന്നു കോടതിക്കു കിട്ടിയത്? ലോര്‍ഡ്ഷിപ് എന്ന സംബോധനയില്‍ തുടങ്ങി, പ്രാര്‍ത്ഥനയും നന്ദിയും പറഞ്ഞ് അവസാനിപ്പിക്കുന്ന സിസ്റ്റര്‍ എക്‌സിന്റെ മറുപടി ഫോര്‍മല്‍ അല്ലെന്ന് എന്തടിസ്ഥാനത്തിലാണ് കോടതി പറയുന്നത്?

അടിസ്ഥാനരഹിതമായ കണ്ടെത്തലുകളാണ്, തീര്‍ത്തും അടിസ്ഥാനരഹിതം…

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ (Kerala Nun Rape Case) ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളെല്ലാം നിരാകരിച്ചാണ് കോടതിയുടെ വിധി.

‘ഇടയനൊപ്പം ഒരു ദിവസം’ എന്ന ജലന്ധര്‍ രൂപതയുടെ പരിപാടി അവസാനിപ്പിക്കേണ്ടിവന്നത് ബിഷപ്പിന്റെ കന്യാസ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനാലാണെന്നായിരുന്നു പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഒരു വാദം. ബിഷപ്പിന്റെ പെരുമാറ്റം മൂലമാണ് പരിപാടിക്കെത്തുന്ന കന്യാസ്ത്രീകളുടെ എണ്ണം കുറഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്നാണ് കോടതി വിധിയില്‍ പറയുന്നത്. തിരക്കുകള്‍ മൂലം ബിഷപ്പിന് ചടങ്ങില്‍ പങ്കെടുക്കാനാകാതെ വന്നതോടെ ഇതില്‍ പങ്കെടുക്കുന്ന കന്യാസ്ത്രിമാരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും ജലന്ധര്‍ രൂപത ഹാജരാക്കിയ രേഖകള്‍ ഇതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു.

ബിഷപ്പിന് മോശം സ്വഭാവമുണ്ടെന്ന് സ്ഥാപിക്കാന്‍ രണ്ട് സാക്ഷികളെയാണ് പ്രോസിക്യുഷന്‍ അവതരിപ്പിച്ചത്. ഇതില്‍ ഒരാള്‍ കോടതിയില്‍ ആരോപണം ഉന്നയിച്ചില്ല. ബിഷപ് തന്റെ ചുമലില്‍ കൈവെച്ചെന്നും ശരീരത്തോട് വലിച്ചടുപ്പിച്ചെന്നും മറ്റൊരു കന്യാസ്ത്രി മൊഴി നല്‍കിരുന്നു. ഈ മൊഴിക്ക് ഈ വിചാരണയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കോടതിയുടെ നിലപാട്. ബിഷപ്പ് ജലന്ധറിന്റെ ചുമതലയേറ്റശേഷം 18 കന്യാസ്ത്രികള്‍ മഠം വിട്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു ആരോപണം. എന്നാല്‍ കന്യാസ്ത്രീകള്‍ മഠം വിട്ടത് വ്യക്തിപരമായ തീരുമാനമാണെന്നും ബിഷപ്പിന്റെ മോശം പെരുമാറ്റം കൊണ്ടോ ലൈംഗിക പീഡനത്തെ തുടര്‍ന്നോ ആണെന്നതിന് തെളിവില്ലെന്നുമാണ് കോടതിയുടെ നിലപാട്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി വിധി പ്രസ്താവത്തില്‍ പറയുന്നത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button