കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശം ഏറ്റെടുത്ത് നായര്‍ സര്‍വീസ് സൊസൈറ്റി. പ്രലോഭനങ്ങളിലൂടെ കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുവെന്ന് എന്‍.എസ്.എസ്. സ്‌നേഹമെന്ന വജ്രായുധം കാട്ടി പെണ്‍കുട്ടികളെ മതം മാറ്റുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ലെന്ന്, വാര്‍ത്താക്കുറിപ്പില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറയുന്നു.
അതേസമയം, പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ സഹകരിക്കുമെന്ന് പാലാ രൂപത അറിയിച്ചു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും, അതിന് മറ്റുള്ളവര്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ഒരു മതത്തെയും ദ്രോഹിക്കാന്‍ ആയിരുന്നില്ല ബിഷപ്പിന്റെ പരാമര്‍ശം. അതിനാല്‍ ഈ വിഷയത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധം നടത്തിയ മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനുമാണ് കേസ്. 50 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ബിഷപ്പിന്റെ നാര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തിനെതിരെയായിരുന്നു പ്രകടനം. നൂറിലധികം പേര്‍ പങ്കെടുത്ത പ്രകടനത്തില്‍ കണ്ടാലറിയാവുന്ന അന്‍പത് നേതാക്കള്‍ക്കെതിരെയാണ് കേസ്. കൂടുതല്‍ പേര്‍ക്കെതിരെ കേസടുക്കുമെന്നും പോലീസ് അറിയിച്ചു.