ചങ്ങനാശേരി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തിൽ പരോക്ഷവിമർശനവുമായി എൻ.എസ്.എസ്. രാഷ്ട്രീയത്തിന്റെ പേരില്‍ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന്
ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശനം ഉന്നയിച്ചു.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കഴിയുമെങ്കില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടേയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണഘട്ടം മുതല്‍ എന്‍.എസ്.എസ് സഹകരിച്ചിരുന്നു. ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയല്ല എന്‍.എസ്.എസ്. നിലപാടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന എ.ഐ.സി.സി. പ്രസ്താവനയ്ക്ക് പിന്നാലെയാണ് എന്‍.എസ്.എസ്. വാര്‍ത്താക്കുറിപ്പ്. എന്നാല്‍ കോണ്‍ഗ്രസിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നുമില്ല.
അതേസമയം, എന്‍.എസ്.എസിന്റേത് വ്യക്തതയുള്ള നിലപാടാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതികരിച്ചു. നിലപാട് ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. എന്‍.എസ്.എസ് അഭിമാനമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുക്കില്ലെന്ന് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് മൂന്നിനായിരുന്നു നേതാക്കളെയും രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകര്‍ ക്ഷണിച്ചത്. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കാന്‍ വൈകിയിരുന്നു.