കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഘടകകക്ഷികളുടെ അഭിപ്രായം തേടിയതിനെ ജി. സുകുമാരൻ നായർ ശക്തമായി എതിർത്തു. യു.ഡി.എഫിൽ മുഖ്യമന്ത്രി കോൺഗ്രസിൽ നിന്നായിരിക്കുമെന്ന് നേരത്തെ തന്നെ ധാരണയുള്ളതാണെന്നും പിന്നെ എന്തിനാണ് ഈ ചർച്ചകളെന്നും അദ്ദേഹം ചോദിച്ചു. ലീഗ് അടക്കമുള്ള കക്ഷികൾ എന്തൊക്കെയോ മുന്നിൽ കണ്ടാണ് സമ്മർദ്ദം ചെലുത്തുന്നത്. ഘടകകക്ഷികളുടെ അനാവശ്യ ഇടപെടലുകളിൽ വലിയ ദുരൂഹതയുണ്ടെന്നും ആര് മുഖ്യമന്ത്രിയായി വന്നാലും അത് സ്വീകരിക്കാൻ ഘടകകക്ഷികൾ തയ്യാറാകണമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ മുന്നണിക്ക് 30 സീറ്റുകൾ വരെ കുറയാൻ സാധ്യതയുണ്ട്. 102 സീറ്റുകൾ നേടി ലഭിച്ച ഉജ്ജ്വല വിജയത്തിന്റെ മേന്മ നേതാക്കൾ തന്നെ നശിപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ഭരണമുണ്ടോ എന്ന് സംശയമാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാഭ്യാസ മേഖലയിൽ നിരവധി പ്രശ്നങ്ങളുണ്ട്. എന്നാൽ ഇതൊന്നും പരിഹരിക്കാൻ നിലവിൽ ആളില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ അത് കോൺഗ്രസ് കൈകാര്യം ചെയ്യണം. മുൻപ് എൻ.എസ്.എസ് ഈ അഭിപ്രായം പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രമേശ് ചെന്നിത്തലയുമായി തനിക്ക് വ്യക്തിബന്ധമാണുള്ളത്. മുൻപ് അദ്ദേഹത്തിന് വേണ്ടി ‘താക്കോൽ സ്ഥാനം’ ആവശ്യപ്പെട്ടത് ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ച പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്നും ചില സമുദായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് അന്ന് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് ഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോൺഗ്രസിനുള്ളിലെ ഫ്ലെക്സ്, പോസ്റ്റർ യുദ്ധങ്ങൾ ഇപ്പോഴും തുടരുന്നത് ദുഃഖകരമാണ്. ഹൈക്കമാൻഡ് ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങാതെ എത്രയും വേഗം തീരുമാനമെടുക്കണമായിരുന്നു. ഈ അനിശ്ചിതത്വം തുടരുന്നത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണത്തുടർച്ച ലഭിച്ച ഒരു മുന്നണിയിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം തെരുവിലേക്ക് പടരുന്നതിനിടയിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ഈ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഘടകകക്ഷികളുമായുള്ള ചർച്ചകളിൽ പുതിയ പ്രതിസന്ധികൾക്ക് കാരണമായേക്കാം. ഹൈക്കമാൻഡ് പ്രഖ്യാപനം വരാനിരിക്കെ സമുദായ സംഘടനകളുടെ ഇത്തരം നിലപാടുകൾ കോൺഗ്രസ് നേതൃത്വത്തിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്.
NSS General Secretary G. Sukumaran Nair criticized the interference of UDF allies, including the Muslim League, in the ongoing discussions to select the Congress Chief Minister. He stated that it is an internal matter of the Congress and blamed the allies for creating unnecessary confusion and pressure on the High Command. Nair also demanded that the Congress should take over the Education Department to ensure better governance as schools are set to reopen soon.


