‘സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസം’ ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്. അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍നില്‍ക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എന്‍എസ്എസ് വൈ.പ്രസിഡന്റ് എന്‍.സംഗീത് കുമാര്‍ പറഞ്ഞു.

‘നായര്‍ സര്‍വീസ് സൊസൈറ്റിക്ക് സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണ്. അത് നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും ഞങ്ങള്‍ യാതൊരു അഭിപ്രായ വ്യത്യാസമില്ല. ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയിലെ വികസനത്തിനും ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള വേദിയായും മാറും’ സംഗീത് കുമാര്‍ പറഞ്ഞു.

വിശ്വാസ സംരക്ഷണമാണ് എന്‍എസ്എസിന്റെ മുഖ്യ അജണ്ട. അക്കാര്യത്തിലെല്ലാം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെയാകും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും സംഗീത് കുമാര്‍ പറഞ്ഞു.

പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനാടകമാണെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് എന്‍എസ്എസ് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയെ തകര്‍ക്കാന്‍ നോക്കിയ ആളാണെന്നും മുഖ്യമന്ത്രി വിശ്വാസിയല്ലെന്നും വിശ്വാസിയല്ലാത്തവര്‍ എന്തിന് പരിപാടി നടത്തുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ചോദിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നേരത്തെ ഇടഞ്ഞിരുന്ന എന്‍എസ്എസിന്റെ ഇപ്പോഴത്തെ അനുകൂല നിലപാട് ഏറെ ശ്രദ്ധേയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News