ചങ്ങനാശ്ശേരി: ജാതി സെൻസസിനെതിരെയും സംവരണത്തിനെതിരെയും വീണ്ടും വിമർശനവുമായി എൻ.എസ്.എസ്. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയപ്പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജാതി സംവരണം വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകുമെന്നും ജി. സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
ചങ്ങനാശ്ശേരിയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് ജാതി സെൻസസിനെതിരെ എൻ.എസ്.എസ്. രംഗത്തെത്തിയത്. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയപ്പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണം. ജാതി സംവരണം വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും. ജാതി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കപ്പെടുന്നു.- സുകുമാരൻ നായർ പറഞ്ഞു.
ജാതി സംവരണം ഉപേക്ഷിക്കണം എന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രതിനിധി സഭ പ്രമേയത്തിലാവശ്യപ്പെടുകയും ചെയ്തു.