മുംബൈ: നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച്((National Stock Exchange)) ക്രമക്കേടില്‍ മുന്‍ എംഡി ചിത്ര രാമകൃഷ്ണ(Chitra Ramakrishna) അറസ്റ്റില്‍. സിബിഐ(CBI) പ്രത്യേക അന്വേഷണ സംഘമാണ് ചിത്രയെ അറസ്റ്റ്(Arrest) ചെയ്തത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്രമക്കേട് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
2013 മുതല്‍ 2016 വരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡി ആയിരുന്നു ചിത്ര. ഈ കാലയളവില്‍ പല തിരിമറികളും നടന്നെന്നാണ് കണ്ടെത്തല്‍. നേരത്തെ മൂന്നു ദിവസത്തോളം ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലില്‍ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താല്‍പര്യപ്രകാരമാണ് താന്‍ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്രയുടെ മറുപടി. ഇതേ കേസുമായി ബന്ധപ്പെട്ട് മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്‌മണ്യന്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
എന്‍.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് അജ്ഞാതന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ക്രമക്കേടുകളുടെ പേരില്‍ ചിത്രയ്ക്ക് സെബി 3 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെ സിബിഐ ചോദ്യം ചെയ്തത്.
എൻഎസ്ഇയുടെ സെർവറുകളിൽ നിന്ന് ചില ബ്രോക്കർമാർക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം. എൻഎസ്ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കർക്ക് മറ്റ് ബ്രോക്കർമാരേക്കാൾ വേഗത്തിൽ മാർക്കറ്റ് ഫീഡ് ആക്സസ് ലഭിച്ചു. ഇതിലൂടെ അവർ ട്രേഡിങിൽ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിൻറെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തിൽ നേട്ടമുണ്ടാക്കിയതെന്ന് സിബിഐ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ആനന്ദ് സുബ്രഹ്മണ്യൻ അറസ്റ്റിലായതിന് പിന്നാലെയാണ് ചിത്ര മുൻകൂർ ജാമ്യം തേടിയത്.
ഗ്രൂപ്പ് ഓപ്പറേറ്റിങ് പദവിയിലേക്ക് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്‌മണ്യനെ നിയമിച്ചതും അജ്ഞാത യോഗിയുടെ നിർദേശ പ്രകാരമാണെന്ന് സെബി കണ്ടെത്തി. 20 വർഷം മുൻപ് ഗംഗാ തീരത്താണ് യോഗിയെ കണ്ടതെന്നും അന്നു മുതൽ വ്യക്തിപരവും പ്രൊഫഷണലുമായി കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടെന്നുമാണ് ചിത്ര രാമകൃഷ്ണ പറഞ്ഞത്. എന്നാൽ ഈ യോഗി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.