മുംബൈ: സഖ്യകക്ഷികളെ ഞെട്ടിച്ചു വീണ്ടും പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇപ്പോൾ പറഞ്ഞിരിക്കുന്നത് . പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് എന്‍.പി.ആര്‍ ഫോമുകളിലെ കോളങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പുതിയ നിലപാട് മഹാരാഷ്ട്ര സഖ്യത്തില്‍ വീണ്ടും ഭിന്നതകള്‍ക്കിടയാക്കും.
താക്കറെയുടെ പ്രതികരണത്തില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വങ്ങള്‍ പ്രതിസന്ധിയിലായി. പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും വ്യത്യസ്തമാണെന്നും താക്കറെ പറഞ്ഞു. സി.എ.എയും എന്‍.ആര്‍.സിയും വ്യത്യസ്ത വിഷയങ്ങളാണ്. എന്‍.പി.ആര്‍ മറ്റൊരു വിഷയമാണെന്നും താക്കറെ പറഞ്ഞു.എല്ലാ പത്ത് വര്‍ഷവും സെന്‍സസ് നടത്താറുള്ളതാണെന്നും താക്കറെ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് കരുതുന്നില്ല എന്നും ഉദ്ധവ് പറഞ്ഞു.
നേരത്തെ ബി.ജെ.പി സഖ്യ കക്ഷിയായിരുന്ന ശിവസേന നേരത്തെ ലോക്‌സഭയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചിരുന്നു. പിന്നീട് സഖ്യകക്ഷികളുടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ശിവസേന രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചില്ല, എന്നാൽ അനുകൂലിച്ചുമില്ല. പകരം വോട്ട് ബഹിഷ്കരിക്കുകയായിരുന്നു. സി.എ.എ വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ശിവസേന സി.എ.എയ്‌ക്കെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ദേശീയ ജനസംഖ്യ രജിസ്റ്ററിനെ സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തിരുന്നു. എന്നാല്‍ ശിവസേന എന്‍പിആറിനെ പിന്തുണക്കുന്നതായാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പിയെ പുറത്താക്കാന്‍ മഹാരാഷ്ട്രയില്‍ രൂപീകരിച്ച എന്‍.സി.പി, കോണ്‍ഗ്രസ് ശിവസേന സഖ്യത്തില്‍ നിലവില്‍ തന്നെ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം എന്‍.ഐ.എയ്ക്ക് വിട്ടതിനെച്ചൊല്ലിയാണ് സഖ്യത്തിലെ ഭിന്നത.