തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം നടക്കുമ്പോൾ മാത്രമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇനി 25 ആളുകൾ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന നടത്തുന്നത്. അതുവരെ പരിശോധന ഉണ്ടാവില്ലെന്നും ഗോവിന്ദൻ വിമർശിച്ചു.
ബോട്ട് ദുരന്തത്തെ തുടർന്ന് അറസ്റ്റിലായ ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ബോട്ടപകടം ഉണ്ടായത്. സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റ് ജുഡിഷ്യൽ അന്വേഷണവും പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.