കോട്ടയം : കുപ്രസിദ്ധ കുറ്റവാളിയും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയുമായ ഫാന്റം പൈലി എന്ന് വിളിക്കുന്ന തിരുവനന്തപുരം മടവൂർ ഭാഗത്ത് സജ്‌നമൻസിൽ വീട്ടിൽ ഷാജി (41) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇയാൾ കഴിഞ്ഞയാഴ്ച വർക്കലയിലെ ഒരു കൊലപാതകശ്രമ കേസിൽ ഉൾപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾ കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കോടിമത ബോട്ട് ജെട്ടി ഭാഗത്ത് നിന്നും അതി സാഹസികമായി പോലീസ് സംഘം പിടികൂടുന്നത്.
പോലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതി സാഹസികമായി പിന്തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ സജികുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഷാജിക്ക് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളായി നൂറോളം മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ വർക്കല പോലീസിന് കൈമാറി.