അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ രാജ്യത്ത് നോട്ടയ്ക്ക് (None of the above) കിട്ടിയ വോട്ടുകളും ചർച്ചയിൽ ഇടംനേടിയിരുന്നു. വിവിധ മണ്ഡലങ്ങളിൽ ജനം സ്ഥാനാർഥികളെ തള്ളി നോട്ടയ്ക്ക് വോട്ടുനൽകി. ഈ തിരഞ്ഞെടുപ്പിൽ ആകെ 63,47,509 വോട്ടുകളാണ് രാജ്യത്ത് നോട്ടയ്ക്ക് രേഖപ്പെടുത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്ക്.
ബിഹാറിൽ 897323 വോട്ടുകളാണ് നോട്ടയ്ക്ക് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ 522724, തമിഴ്നാട്ടിൽ 461327, ഉത്തർപ്രദേശിൽ 634971, കർണാടകയിൽ 217456, രാജസ്ഥാനിൽ 277216, കേരളത്തിൽ 1,56,585 എന്നിങ്ങനെയാണ് നോട്ടയ്ക്ക് ലഭിച്ച വോട്ടുകൾ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന ബിജെപി അധ്യക്ഷൻ സി.ആർ. പാട്ടീൽ തുടങ്ങിയവർ കനത്ത ഭൂരിപക്ഷത്തിൽ ജയിച്ച ഗുജറാത്തിൽ 4.60 ലക്ഷത്തോളം പേരാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ടു നൽകിയതെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള ലോക്സഭാ മണ്ഡലങ്ങളിലടക്കം നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തിയവരേറെയാണ്. 4,60,341 വോട്ടുകളാണ് സംസ്ഥാനത്ത് നോട്ടയ്ക്ക് കിട്ടിയത്. ഗുജറാത്തിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ നോട്ടയ്ക്ക് വോട്ടുകൂടാൻ കാരണം ബി.ജെ.പിക്കെതിരേ ഉയരുന്ന ജനരോഷമാണെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഇരുവരുടേയും മണ്ഡലത്തിൽ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തിയവർ ഏറെയാണ്. അമിത് ഷാ മത്സരിച്ച ഗാന്ധി നഗർ മണ്ഡലത്തിൽ 22,005 പേരാണ് നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തിയത്. സി.ആർ. പാട്ടീൽ മത്സരിച്ച നവസാരി മണ്ഡലത്തിൽ 20,462 പേരും നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തി.
ദഹോദ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ നോട്ടയ്ക്ക് വോട്ട് വീണത്. 34,938 പേരാണ് ഈ മണ്ഡലത്തിൽ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തിയത്. അഹമ്മദാബാദ് ഈസ്റ്റിൽ 10,503 പേർ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് വെസ്റ്റ് 14,007, രാജ്കോട്ട് 15,922, വഡോദര 18,388, ബർഡോലി 25,542, ബറൂച് 23,283, സബർകന്ത 21,076, ബനസ്കന്ത 22,167, ഉദേപുർ 29,655 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ നോട്ടയ്ക്ക് കിട്ടിയ വോട്ടുകൾ.
പോസ്റ്റൽ ബാലറ്റ് വോട്ടുകളിലടക്കം നോട്ടയ്ക്ക് വോട്ടുരേഖപ്പെടുത്തിയവരുണ്ടെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലുള്ള 11089 പേർ നോട്ടയ്ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാവ്നഗർ ലോക്സഭാ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് വോട്ടുകളിൽ 1048 വോട്ടുകളും നോട്ടയ്ക്കായിരുന്നുവെന്നാണ് റിപ്പോർട്ട്.
മധ്യപ്രദേശിൽ നോട്ടയ്ക് ലഭിച്ചത് 532667 വോട്ടുകളാണ്. ഇവിടെ നോട്ട വോട്ടുകളിൽ റെക്കോർഡിട്ട ലോക്സഭാ മണ്ഡലമാണ് ഇന്ദോർ. ഇന്ദോറിൽ മത്സരിച്ച ബി.ജെ.പി. സ്ഥാനാർഥി ശങ്കർ ലാൽവാനി 10 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എന്നാൽ, തൊട്ടടുത്ത സ്ഥാനം നോട്ടയ്ക്കായിരുന്നു. 218674 പേരാണ് മണ്ഡലത്തിൽ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തിയത്. ബി.എസ്.പി. സ്ഥാനാർഥിക്ക് ലഭിച്ചതാകട്ടെ വെറും 51659 വോട്ട് മാത്രമായിരുന്നു. ഇന്ദോറിൽ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിന് പകരം നോട്ടയ്ക്ക് വോട്ട് നൽകാൻ പ്രചാരണം ശക്തമായിരുന്നു.
2013 ഒക്ടോബർ മുതലാണ് സുപ്രീം കോടതിയുടെ നിർദേശപ്രകാരം നോട്ട ഓപ്ഷൻ വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്തിയത്.