ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ മകളുടെ മറ്റാർക്കും പാടില്ല എന്ന് ഉത്തരവ്. കിം ജോങ് ഉന്നിന്റെ മകളുടെ പേര് നിലവിൽ ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ ഉണ്ടെങ്കിൽ അതും മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ജു ഏ എന്നാണ് ഉത്തര കൊറിയൻ നേതാവിന്റെ മകളുടെ പേര്. ഒമ്പതോ പത്തോ ആണ് ജു ഏയുടെ പ്രായം എന്നാണ് കരുതുന്നത്. അതേ സമയം അടുത്തിടെ വാർത്തകളിൽ സജീവമായി കിമ്മിന്റെ മകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്തര കൊറിയൻ നേതാക്കളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ പോലെ തന്നെ ജു ഏയെ ചുറ്റിപ്പറ്റിയും അൽപസ്വല്പം നിഗൂഢതകളൊക്കെ നിലനിൽക്കുന്നുണ്ട്.
റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ചു കൊണ്ടാണ് പേരുമാറ്റാനുള്ള നിർദ്ദേശം വന്നതിനെ കുറിച്ച് ഫോക്സ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും പെൺകുട്ടികളോടും തങ്ങളുടെ ജനന സർട്ടിഫിക്കറ്റുകളിൽ നിന്ന് മുതൽ പേര് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിയോങ്ജു സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സുരക്ഷാ മന്ത്രാലയം ഈ പേരുള്ള സ്ത്രീകളെ തങ്ങളുടെ ഓഫീസിലേക്ക് വിളിപ്പിച്ചതായും ഒരാഴ്ചയ്ക്കകം പേര് മാറ്റണം എന്ന് നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
അതേ സമയം ഉത്തര കൊറിയയുടെ അടുത്ത അവകാശി കിമ്മിന്റെ മകളായിരിക്കും എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. സൈനിക പരേഡിലടക്കം മകളുമായിട്ടാണ് കിം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം നവംബറിലാണ് ജു ഏ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് വെള്ള ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച് ഭീമൻ ബ്ലാക്ക് ആൻഡ് വൈറ്റ് മിസൈലിന് അരികിൽ കൂടി അച്ഛനും മകളും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ മൂന്നുമക്കളിൽ ഒരേയൊരാളാണ് ജു ഏ.
നേരത്തെ തന്നെ ഉത്തര കൊറിയയിൽ നേതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ പേര് ആർക്കും ഇടാൻ അധികാരമില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.