തിരുവനന്തപുരം: ഇന്‍റര്‍നെറ്റ് ഉപയോഗിക്കുമ്പോൾ വരുന്ന പോപ് അപ്പ് അശ്ലീല ചിത്രങ്ങളിൽ കൂടുതൽ വിവരങ്ങൾ തേടി പോകുന്നവരെ കെണിയിൽ പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. സമൂഹ്യമധ്യമങ്ങളിൽ നിന്ന് സ്ക്രീൻഷോട്ട് എടുക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അയച്ച് നൽകി സൗഹൃദം ആൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും തിരികെ ലഭിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മണി വാലറ്റുകൾ വഴി പണം തട്ടുന്ന സംഘത്തെ രാജസ്ഥാനിലെ വിവിധ ഗ്രാമങ്ങളിൽ നിന്ന് കേരള പൊലീസ് പിടികൂടി.
ഇവരുടെ സംഘത്തിൽ അകപ്പെട്ടവരിൽ കൂടുതലും വിദ്യാർത്ഥികൾ ആണെന്ന് പൊലീസ് പറയുന്നു. സി.ബി.ഐ സൈബർ വിഭാഗം ഉദ്യോഗസ്ഥർ എന്ന തരത്തിലാണ് ഇവർ ഇരകളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. മാന നഷ്ടം ഭയന്ന് പരാതിപ്പെടാൻ ആരും തയ്യാറാകാത്തത് ഇവർക്ക് ഗുണകരമായി. വല്ലഭ് പഠിടാർ (23), അശോക് പഠിടാർ (26), നിലേഷ് പഠിടാർ (19) എന്നിവരാണ് പിടിയിലായത്. പത്ത് ലക്ഷം രൂപ നഷ്ടപെട്ട തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്യാം ലാൽ കേസെടുക്കുകയും രണ്ടു മാസം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങുന്നത്.
പിടിക്കപ്പെടാതെ ഇരിക്കാൻ സംഘം ഉപയോഗിച്ചത് രാജസ്ഥാനിലെ ഗോത്ര വംശജരിൽ നിന്ന് കൈക്കലാക്കിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വാങ്ങിയ മൊബൈൽ സിം കാർഡുകളും മണി വാലറ്റുകളുമാണ്. അതിനാൽ തന്നെ ഇവരെ കണ്ടെത്തുന്നത് പൊലീസിന് വളരെ ശ്രമകരമായിരുന്നു. ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനു വേണ്ടി ആണ് പ്രതികൾ ഉപയോഗിച്ചത്. പ്രതികളുടെ ഇ മെയിൽ വിവരങ്ങളും, ഇരകളിൽ നിന്ന് മണി വാലറ്റുകളിൽ ലഭിച്ച പണം ചിലവാക്കുന്ന രീതികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ രാജസ്ഥാൻ ജില്ലയിലെ ഉദയപ്പൂർ, ദുഗാർപൂർ, ബന്സ്വാര എന്നീ ജില്ലകളിൽ ഉള്ളവരാണെന്ന് മനസിലാക്കി നടത്തിയ അന്വേഷണമാണ് പ്രതികളിലെക്ക് പൊലീസിനെ എത്തിച്ചത്.
വാലറ്റിലൂടെ മൊബൈൽ റീ ചാർജ് നടത്തിയ ആളുകളോടു ചോദിച്ച് കടകളുടെ വിലാസം മനസ്സിലാക്കി. ഒരു കടക്കാരനു തട്ടിപ്പു സംഘത്തിലെ ആളുടെ വ്യക്തിവിവരങ്ങൾ അറിയാമായിരുന്നു. തട്ടിപ്പുകാരിലൊരാൾ ഭാര്യയുടെ അക്കൗണ്ടിലേക്കു പണം അയച്ചതും സംഘത്തെക്കുറിച്ച് സൂചന നൽകി. ഇവർ ഫാസ്ടാഗ് റീ ചാർജ് ചെയ്യുന്ന ഉദയ്പുരിലെ ടോൾ പ്ലാസയിലൂടെ ഒരു വണ്ടി സ്ഥിരമായി കടന്നു പോകുന്നുണ്ടെന്ന വിവരം ലഭിച്ചു. വണ്ടിയുടെ സർവീസ് വിവരം എടുത്തപ്പോൾ അതിൽ മൊബൈൽ നമ്പർ ഉണ്ടായിരുന്നു. തട്ടിപ്പു സംഘത്തിന്റെ കാറാണിതെന്ന് അന്വേഷണത്തിൽ മനസ്സിലായി. തുടർന്ന് ഒരാഴ്ചയോളം ഇവിടെ താമസിച്ച് പൊലീസ് പ്രതികളെ നിരീക്ഷിച്ചു. ഇവർക്ക് രാജസ്ഥാനിൽ സഹായം ഒരുക്കിയത് മലയാളിയും രാജസ്ഥാൻ ജോധ്പൂർ കമ്മീഷണറുമായ ജോസ്‌മോൻ ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ്. സംഘത്തിലെ പൊലീസുകാരന്റെ അനുജൻ സ്ഥലത്തെ വെറ്ററിനറി ഡോക്ടറാണ്. നാട്ടുകാരെ കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയാവുന്ന ഡോക്ടറാണ് തട്ടിപ്പു സംഘത്തിലെ വല്ലഭിന്റെ വീടിനെക്കുറിച്ച് സൂചന നൽകിയത്.
വല്ലഭിനെ കസ്റ്റഡിയിലെടുത്തപ്പോൾ സംഘത്തിലെ മറ്റുള്ളവരുടെ വിവരം ലഭിച്ചു. രാവിലെ ഏഴു മണിക്കു തട്ടിപ്പു സംഘത്തിലുള്ളവർ വീട്ടിൽ നിന്നിറങ്ങും. ഒഴിഞ്ഞ പറമ്പിലും തുറസ്സായ സ്ഥലങ്ങളിലും ഇരുന്ന് ലാപ്ടോപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മടങ്ങിയെത്തുമ്പോൾ രാത്രി 12 മണി കഴിയും. വീട്ടിലിരുന്ന് തട്ടിപ്പ് നടത്തില്ല. പുലർച്ചെ രണ്ടരയ്ക്ക് കേരള പൊലീസും രാജസ്ഥാൻ സ്പെഷൽ പൊലീസും ഗ്രാമത്തിലെത്തി. രാജസ്ഥാൻ പൊലീസ് ടെറസു വഴി വീടിനുള്ളിലേക്ക് ഇറങ്ങി മുൻവാതിൽ തുറന്ന് കേരള പൊലീസിനെ വീട്ടിനുള്ളിൽ എത്തിച്ചു. സംഘത്തിലെ അശോകും, നിലേഷും പൊലീസ് പിടിയിലായി. തലേദിവസമായിരുന്നു നിലേഷിന്റെ കല്യാണം. ദുഗാർപൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കേരള പൊലീസിന് കൈമാറി. തുടർന്ന് ഇവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.