ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടിവ്യാപനശേഷി;തയ്യാറെടുപ്പുനടത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി: കൊറോണ വൈറസിൻറെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സർക്കാർ. പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അയച്ച കത്തിൽ വ്യക്തമാക്കുന്നത്. ഒമിക്രോൺ ഭീഷണിക്ക് ഒപ്പം തന്നെ ഡെൽറ്റ വകഭേദം ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന സംസ്ഥാനങ്ങളുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകൾ ക്രമീകരിക്കാനാണ് നിർദേശം.
അപകടസാധ്യത കണക്കിലെടുത്തുവേണം പ്രവർത്തനം താഴേത്തട്ടിൽ ഏകോപിപ്പിക്കാനെന്നും കേന്ദ്ര നിർദേശത്തിൽ പറയുന്നു. രോഗവ്യാപനം തടയാൻ ആവശ്യമെങ്കിൽ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികളുടെ നിയന്ത്രണം, ഓഫീസുകളിലെ ഹാജർ ക്രമീകരണം, പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ നിയന്ത്രണം എന്നിവയും ക്രമീകരിക്കാനും നിർദേശമുണ്ട്.
ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ തയ്യാറാക്കാനും ആംബുലൻസ്, ഓക്സിജൻ ലഭ്യത എന്നിവ ഉറപ്പുവരുത്താനും നിർദേശത്തിൽ വ്യക്തമാക്കുന്നു. പരിശോധനകളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണമെന്നും കത്തിൽ പറയുന്നു.
സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിലെ നിരീക്ഷണം എന്നിവയും കർശനമാക്കണം. അതോടൊപ്പം, വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.