Featuredhome bannerHome-bannerNationalNews

9 വർഷത്തെ നിയമ പോരാട്ടം, 9 സെക്കൻഡിൽ നിലംപൊത്തി ഇരട്ട ടവർ

നോയിഡ: സെക്ടര്‍ 93 Aയിലെ സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ടിലെ താമസക്കാരും ഇരട്ട ടവറുകളുടെ സ്ഥലമുമയും തമ്മില്‍ ഒമ്പത് വര്‍ഷമായി നടക്കുന്ന നിയമപോരാട്ടത്തിന് അന്ത്യംകുറിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നോയിഡലെ ഇരട്ട ടവര്‍ നിലം പൊത്താനെടുത്തത് ഒമ്പത് സെക്കന്‍ഡ് മാത്രം. സ്‌ഫോടനം സമീപത്തെ കെട്ടിടങ്ങളെ ബാധിക്കാതിരിക്കാത്ത വിധത്തില്‍ പൂര്‍ത്തിയാക്കാനുള്ള സുരക്ഷാനടപടിക്രമങ്ങള്‍ കൃത്യമാണെന്ന് അധികൃതര്‍ ഉറപ്പുവരുത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇരട്ട ടവറുകളുടെ തൂണുകളില്‍ 7,000 ദ്വാരങ്ങള്‍ ഉണ്ടാക്കി 3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ചു. 20,000 സര്‍ക്യൂട്ടുകളാണ് തയ്യാറാക്കിയത്. കെട്ടിടങ്ങള്‍ ലംബമായി തന്നെ നിലം പതിക്കാന്‍ വാട്ടര്‍ഫോള്‍ ടെക്‌നിക് ആണ് ടവറുകള്‍ പൊളിക്കാന്‍ ഉപയോഗപ്പെടുത്തിയത്. പ്രദേശത്തെ 7,000 ത്തോളം വരുന്ന താമസക്കാരെ ഞായറാഴ്ച രാവിലെ തന്നെ ഒഴിപ്പിച്ചിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്കുള്ള പാചകവാതകം, വൈദ്യുതി വിതരണം വൈകുന്നേരം നാല് മണി വരെ നിര്‍ത്തി വെച്ചു. അഞ്ചരയോടെ മറ്റ് കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് തിരികെയെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. തിരികെയെത്തുന്നവര്‍ പൊടിയില്‍ നിന്ന് രക്ഷനേടാന്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഗ്രേറ്റര്‍ നോയിഡ അതിവേഗപാതയില്‍ മുപ്പത് മിനിറ്റ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ പൊടിപടലം പ്രതിരോധിക്കുന്ന തരത്തിലുള്ള തുണി ഉപയോഗിച്ച് മൂടിയിരുന്നു. ഒരു നോട്ടിക്കല്‍ മൈല്‍ ദൂരത്തോളം നോണ്‍-ഫ്‌ളൈ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 100 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്തെ തെരുവുനായകളെ സന്നദ്ധസംഘടനകള്‍ നേരത്തെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.

സമീപത്തുള്ള ഹൗസിങ് സൊസൈറ്റികളെ സ്‌ഫോടനം യാതൊരുവിധത്തിലും ബാധിച്ചിട്ടില്ലെന്ന് നോയിഡ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ റിതു മഹേശ്വരി അറിയിച്ചു. റോഡിലേക്ക് വളരെ കുറച്ച് കെട്ടിടാവശിഷ്ടങ്ങള്‍ എത്തിയെന്നൊഴികെ ബാക്കിയെല്ലാം സുരക്ഷിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 55,000 ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നും അവ നീക്കം ചെയ്യാന്‍ മൂന്ന് മാസത്തോളം വേണ്ടി വരുമെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ടവറുകളുടെ 450 മീറ്റര്‍ പരിധിയില്‍ പോലീസിന്റെ മിനി കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരുന്നു. ടവറുകള്‍ പൊളിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണത്തിന്റെ തോത് നിരീക്ഷിക്കാന്‍ ഡസ്റ്റ് മെഷീന്‍ സ്ഥാപിച്ചിരുന്നു. അഗ്നിരക്ഷാസേനയുടെ എട്ട് വാഹനങ്ങളും ആറ് ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തിയിരുന്നു. രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങളേയും 560 പോലീസുദ്യോഗസ്ഥരേയും റിസര്‍വ് ഫോഴ്‌സിലെ 100 അംഗങ്ങളേയും നിയോഗിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button