കോഴിക്കോട്: മുസ്ലിം ലീഗിനെ വിമർശിച്ചു സാമൂഹ്യമാധ്യമങ്ങൾ രംഗത്ത്. മുസ്ലിം യൂത്ത് ലീഗിന്റെ ഭാരവാഹിസ്ഥാനങ്ങളില്‍ നിന്ന് വനിതകള്‍ പുറത്തായതിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്. ഹരിതയിലുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് തന്നെ വനിതകൾ ഇല്ലാത്ത ഒരു മുസ്ലിം ലീഗ് നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഒരു പുരുഷാധിപത്യ പാർട്ടി തന്നെയാണ് മുസ്ലിം ലീഗ് എന്ന് ആണയിട്ട് പറയുകയാണ് വിമർശകർ.
എന്നാൽ യൂത്ത്ലീഗ് അംഗത്വ കാമ്പയിന് നേരത്തേ കഴിഞ്ഞതിനാല്‍ അടുത്ത കാമ്പയിനുശേഷം വനിതകളെ പരിഗണിക്കുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പക്ഷെ പോഷകസംഘടനകളില്‍ 20 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തുമെന്ന ലീഗ് പ്രവര്‍ത്തക സമിതി തീരുമാനശേഷവും യൂത്ത്ലീഗ് നേതൃസ്ഥാനത്ത് വനിതകള്‍ പരിഗണിക്കപ്പെടാത്തതാണ് വിമർശകരെ ചൊടിപ്പിച്ചത്.
അതേസമയം, ഹരിത ഉയര്‍ത്തിയ കലാപത്തെ തുടര്‍ന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട അഡ്വ. ഫാത്തിമ തഹ്ലിയയെ യൂത്ത്ലീഗ് ഭാരവാഹിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും ലീഗ് അവഗണിക്കുകയായിരുന്നു. ഇതിനെതിരെയും പ്രതിഷേധങ്ങൾ ശക്തമാണ്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ മുനവ്വറലി തങ്ങള്‍ പ്രസിഡന്റായും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സി കെ മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതിയുടെ തീരുമാനമനുസരിച്ച് 17-ല്‍ നിന്ന് 11 ലേക്ക് ഭാരവാഹി പട്ടിക ചുരുക്കിയതിനാല്‍ പ്രഗത്ഭരെ മാറ്റി നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.