പൊതുപൈപ്പില്‍ നിന്നും വെള്ളം വരുന്നില്ല; അഴിച്ചു നോക്കിയപ്പോള്‍ കണ്ടത് ചത്ത പാമ്പിനെ

ടാപ്പിൽനിന്ന് വെള്ളം വരാത്തതിനെത്തുടർന്ന്‌ അഴിച്ചുനോക്കി, കണ്ടത് ചത്ത പാമ്പിനെ

ചെങ്ങന്നൂർ: നൂറ്റവൻപാറ കുടിവെള്ളവിതരണ ടാപ്പിൽ ചത്ത പാമ്പിനെ കണ്ടെത്തി. വർഷം മുഴുവൻ പൈപ്പിൽക്കൂടിയുള്ള കുടിവെള്ളത്തെ ആശ്രയിക്കുന്ന പ്രദേശത്തെ വിതരണ ടാപ്പിൽനിന്ന് വെള്ളം വരാത്തതിനെത്തുടർന്ന്‌ അഴിച്ചുനോക്കിയപ്പോഴാണ് ചത്ത പാമ്പിനെ കണ്ടത്. ആറുപതിറ്റാണ്ടു പിന്നിട്ട നൂറ്റവൻപാറ കുടിവെള്ളപദ്ധതിയുടെ ജലസംഭരണിക്കു ചുറ്റും വലിയ കാടു വളർന്നുനിൽക്കുകയാണ്.

ഇതുമൂലം പ്രദേശത്ത് പാമ്പിന്റെ ശല്യമുണ്ട്. നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണ് അത്യാവശ്യകാര്യങ്ങൾക്ക് വെള്ളം ലഭിക്കുന്നത്. എന്നാൽ, പലപ്പോഴും കലങ്ങിയ വെള്ളമാണ് ലഭിക്കുന്നത്. ചെളി മാറ്റിയെടുത്താൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. വെള്ളം പമ്പുചെയ്യുന്ന കിണറിനു ചുറ്റും മലിനജലം കെട്ടിക്കിടക്കുകയാണ്. സമീപകാലത്ത് പുതിയ വിതരണ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ല. നവംബറായപ്പോൾത്തന്നെ കലക്കൽ വന്നുതുടങ്ങി. വേനൽക്കാലമാകുമ്പോൾ ഇതു രൂക്ഷമാകും.

പമ്പു ചെയ്യുമ്പോൾ കിണറിന് അടിത്തട്ടിലെ ചെളിനിറഞ്ഞ കലങ്ങിയ വെള്ളം വിതരണലൈനിൽ എത്തുന്നതാണു കാരണം. കിണറുകൾ കുറവായതിനാൽ കുടിവെള്ളപദ്ധതിയിൽനിന്നു ലഭിക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. പൈപ്പിൽക്കൂടി കലക്കവെള്ളം വരുന്നതിനാൽ പല കുടുംബങ്ങളും വെള്ളം വിലകൊടുത്തു വാങ്ങുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News