28.9 C
Kottayam
Tuesday, May 21, 2024

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ വേണ്ട, സ്വകാര്യ മേഖലയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍; തിരക്കു ഒഴിവാക്കാന്‍ നടപടികളുമായി ആരോഗ്യവിഭാഗം

Must read

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാന്‍ നടപടികളുമായി ആരോഗ്യവിഭാഗം. കാലതാമസം ഒഴിവാക്കാനായി സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. കൂടാതെ അടുത്ത 15 ദിവസത്തേക്കുള്ള ബുക്കിങ് നടത്താനുള്ള സൗകര്യവും സജ്ജീകരിക്കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് എത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഒഴിവാക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം കൊവിഡ് കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 60 വയസിന് മുകളിലുള്ളവരുടേയും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവരും വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രണ്ടാം ഘട്ടത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കേറിയതോടെ പലര്‍ക്കും രജിസ്റ്റര്‍ ചെയ്ത സമയത്ത് കുത്തിവയ്‌പ്പെടുക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.തിരുവനന്തപുരത്ത് കൂടുതല്‍ പേര്‍ കുത്തിവയ്‌പ്പെടുക്കാനെത്തിയ മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ ഹെല്‍ത് സെന്റര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് പുതിയ രജിസ്‌ട്രേഷന്‍ നല്‍കില്ല.

ഇവിടങ്ങളില്‍ പുതിയതായി രജിസ്‌ട്രേഷന്‍ കിട്ടിയവരുണ്ടെങ്കില്‍ അവര്‍ക്ക് മറ്റ് കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് നല്‍കും. നിലവില്‍ ടോക്കണ്‍ നല്‍കിയവര്‍ക്ക് ആദ്യഡോസ് നല്‍കി കഴിയുന്ന മുറയ്ക്ക് ആകും ഇവിടെ പുതിയ രജിസ്‌ട്രേഷന്‍ നടത്തുക. ഓരോ സ്ഥലങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി സ്വകാര്യ ആശുപത്രികള്‍ വരെ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി സജ്ജമാക്കും.

ഓരോ ദിവസത്തേയും പട്ടിക അച്ചടി സാമൂഹിക മാധ്യമങ്ങള്‍ വഴി പൊതുജനത്തെ അറിയിക്കും. ജില്ലാ തലത്തിലുള്ള ആശുപത്രികളില്‍ പരമാവധി 300പേര്‍ക്കും ഉപജില്ല തലത്തിലെ ആശുപത്രികളില്‍ 200 പേര്‍ക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 100 പേര്‍ക്കും ഒരു ദിവസം വാക്‌സീന്‍ നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ ടോക്കണ്‍ സംവിധാനം തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week