കൊച്ചി:മരക്കാര്‍ (Marakkar) റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ച് തനിക്കുള്ള ആത്മവിശ്വാസം പങ്കുവച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ (Priyadarshan). മരക്കാര്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് ടെന്‍ഷന്‍ ഇല്ലെന്നും കരിയറില്‍ ‘ചിത്ര’ത്തിനു ശേഷം അങ്ങനെ ഒരു സിനിമയെക്കുറിച്ച് തോന്നുന്നത് ഇപ്പോഴാണെന്നും പ്രിയന്‍ പറഞ്ഞു. മരക്കാര്‍ റിലീസിനോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മരക്കാറിന്‍റെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് എന്‍റെ വിശ്വാസം. ചിത്രം സിനിമയുടെ റിലീസിന്‍റെ തലേന്ന് സിനിമ കണ്ടിട്ട് എന്‍റെ കാറില്‍ ഞാനും ലാലും കൂടി വരുമ്പോള്‍ ലാല്‍ എന്നോട് പറഞ്ഞു, ഈ സിനിമ നിന്‍റെ തൊപ്പിയില്‍ ഒരു തൂവല്‍ ആയിരിക്കുമെന്ന്. മറ്റെല്ലാ സിനിമകളും, കിലുക്കം പോലുള്ള ഹിറ്റ് സിനിമകള്‍ പോലും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു. ആ ഭയമില്ലാതെ റിലീസ് ചെയ്‍ത ഒരു സിനിമ ചിത്രമായിരുന്നു. അതിനു ശേഷം ഭയമില്ലാതെ റിലീസ് ചെയ്യുന്ന ഒരു സിനിമയാണ് മരക്കാര്‍”, പ്രിയദര്‍ശന്‍ പറഞ്ഞു.
വലിയ കാന്‍വാസില്‍ എത്തുന്ന സിനിമകളെ പ്രേക്ഷകര്‍ പൊതുവെ താരതമ്യം ചെയ്യാറുള്ള തെലുങ്ക് ചിത്രം ബാഹുബലിയുമായി മരക്കാറിനുള്ള സാമ്യത്തെക്കുറിച്ചും വ്യത്യാസങ്ങളെക്കുറിച്ചും പ്രിയദര്‍ശന്‍ വ്യക്തമാക്കി. “ബാഹുബലിയും കുഞ്ഞാലിമരക്കാരും തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങളാണുള്ളത്. ബാഹുബലി പൂര്‍ണ്ണമായും ഭാവനാസൃഷ്‍ടിയാണ്. ഇവിടെ ഒരല്‍പ്പം ചരിത്രമുണ്ട്. ബാഹുബലിയുടെയും മരക്കാരുടെയും കാന്‍വാസ് വലുപ്പത്തില്‍ ഒന്നുതന്നെയാണ്. ഫാന്‍റസിയില്‍ നമുക്ക് എന്ത് അതിരുകളെയും മറികടക്കാം. പക്ഷേ കണ്ടാല്‍ ‘ഇത് സംഭവിച്ചേക്കാം’ എന്നു തോന്നുന്ന ഒരു ബാലന്‍സ് മരക്കാറിലുണ്ട്. ഈ വ്യത്യാസമാണ് രണ്ട് ചിത്രങ്ങള്‍ക്കുമിടയില്‍ ഉള്ളത്”, പ്രിയദര്‍ശന്‍ പറഞ്ഞു. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും പ്രിയദര്‍ശനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.