തരൂരിനൊപ്പം സുധാകരനുമില്ല; പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ കൊച്ചി കോണ്‍ക്ലേവില്‍ പങ്കെടുക്കില്ല

കൊച്ചി: ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസിൻ്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്.

കൊച്ചിയിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട്  5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക. 

സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ശശി തരൂരിന്‍റെ സാന്നിദ്ധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് പ്രൊഫഷണൽ കോണ്‍ഗ്രസ്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി.

രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക. ഡോ. എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമായിരുന്നു ശശി തരൂരിനെയും ക്ഷണിച്ചത്.

ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടായിരുന്നു തരൂരിന് ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയായിരുന്നു പ്രചാരണവും. എന്നാല്‍ നാളത്തെ പരിപാടിയില്‍ കെ സുധാകരൻ പങ്കെടുക്കില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News