'സീനിയേഴ്സിനോട് ബഹുമാനമില്ല, നോട്ടം ശരിയല്ല'; കണ്ണൂരിൽ +1 വിദ്യാർഥിയെ മർദിച്ച് കൈയുടെ എല്ലൊടിച്ചു

കണ്ണൂര്‍: കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന്‍റെ ഞെട്ടൽ വിട്ടുമാറുംമുമ്പ് കണ്ണൂരിൽനിന്നും സമാനമായ വാർത്ത. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയതായാണ് പരാതി. കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലിനെ പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ആക്രമണത്തില്‍ മുഹമ്മദ് നിഹാലിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുഎതിരേ കൊളവല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 12-ാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം.

സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മുഹമ്മദ് നിഹാലിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ നിഹാലിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഹാലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News