മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ടാം നിര താരങ്ങള്‍ക്ക് പോലും അവസരം നല്‍കിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. രാജ്യത്തെ ഒരു കളിക്കാരനും സഞ്ജുവിന്‍റെ അവസ്ഥ ആഗ്രഹിക്കുന്നുണ്ടാകില്ലെന്ന് ഉത്തപ്പ എക്സില്‍ പോസ്റ്റ് ചെയ്തു.
ടീമിലുണ്ടെങ്കിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കില്ല എന്നതായിരിക്കും ഒഴിവാക്കാനുള്ള കാരണമായി അവര്‍ പറയുക. എന്നാല്‍ ടീമില്‍ പോലുമില്ലാതിരിക്കുന്നത് ശരിക്കും നിരാശാജനകമാണെന്നും ഉത്തപ്പ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും സഞ്ജുവിന് പിന്തുണയുമായി എത്തിയിരുന്നു.
സഞ്ജുവിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഞാനായിരുന്നെങ്കില്‍ വളരെയധികം നിരാശ തോന്നിയേനെ എന്നായിരുന്നു പത്താന്‍റെ എക്സിലെ പോസ്റ്റ്. ഏഷ്യാ കപ്പിന് പിന്നാലെ ഇന്നലെയാണ് സെലക്ടര്‍മാര്‍ ഓസ്‌ട്രേലയിക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് മാത്രം ടീമില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഏകദിനങ്ങളില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ്, പരിക്കിന്‍റെ പിടിയിലുള്ള ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
റുതുരാജ് ഗെയ്കവാദും തിലക് വര്‍മയും ടീമിലിടം പിടിച്ചുവെന്നുള്ളതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത്. എന്നിട്ടും സഞ്ജുവിനെ ഒഴിവാക്കി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു തിരിച്ചെത്തുമെന്ന് നേരത്തെ വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനം വന്നപ്പോള്‍ എല്ലാം അസ്ഥാനത്താവുകയായിരുന്നു.