ന്യൂഡൽഹി: കോവിഡ് പരിശോധനാ മാർഗരേഖ പുതുക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). കോവിഡ് രോഗിയുമായി സമ്പർക്കത്തിലുള്ള എല്ലാവർക്കും ഇനി മുതൽ പരിശോധന നടത്തേണ്ടതില്ല. പകരം പ്രായമായവർക്കും അനുബന്ധ രോഗാവസ്ഥയുള്ളവർക്കും മാത്രം പരിശോധന നടത്തിയാൽ മതി. ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, ശ്വാസതടസ്സം, മറ്റു ലക്ഷണങ്ങൾ ഉള്ളവരും പരിശോധിക്കണം.
60 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ-വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവരും പൊണ്ണത്തടിയുള്ളവരേയുമാണ് ‘അറ്റ് റിസ്ക്’ പട്ടികയിൽ പെടുത്തിയിരിക്കുന്നതെന്ന് കോവിഡ് പരിശോധിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഐ.സി.എം.ആർ. പറഞ്ഞു. ചികിത്സിക്കുന്ന ഡോക്ടറുടെ വിവേചനാധികാരം അനുസരിച്ച് പരിശോധനകൾ നടത്താമെന്നും ഐ.സി.എം.ആർ. വ്യക്തമാക്കി.
അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കോവിഡ് പരിശോധന തടസ്സമാകരുതെന്നു മാർഗരേഖയിൽ പറയുന്നു. ഗർഭിണികൾ ഉൾപ്പെടെ, ശസ്ത്രക്രിയ അല്ലെങ്കിൽ ശസ്ത്രക്രിയേതര ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുകയോ അല്ലെങ്കിൽ ആവശ്യപ്പെടുകയോ ചെയ്യാത്ത പക്ഷം പരിശോധന നടത്താൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ആശുപത്രി അഡ്മിഷൻ, ഐ.സി.യു. അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിങ് സ്ട്രാറ്റജി, ഓക്സിജൻ സ്റ്റോക്ക് എന്നിവ വർധിപ്പിക്കുന്ന രീതിയിലാണ് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് (Precaution Dose) കോവിഡ് വാക്സിൻ നൽകിയതായും മന്ത്രി അറിയിച്ചു. 19,549 ആരോഗ്യ പ്രവർത്തകർ, 2635 കോവിഡ് മുന്നണി പോരാളികൾ, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്.തിരുവനന്തപുരം ജില്ലയാണ് ഏറ്റവുമധികം പേർക്ക് കരുതൽ ഡോസ് നൽകിയത്.
തിരുവനന്തപുരം 6,455, കൊല്ലം 3,184, പത്തനംതിട്ട 1,731, ആലപ്പുഴ 1,742, കോട്ടയം 1,701, ഇടുക്കി 719, എറണാകുളം 2,855, തൃശൂർ 5,327, പാലക്കാട് 922, മലപ്പുറം 841, കോഴിക്കോട് 2,184, വയനാട് 896, കണ്ണൂർ 1,461, കാസർകോട് 877 എന്നിങ്ങനേയാണ് കരുതൽ ഡോസ് നൽകിയത്.സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികൾക്ക് (35 ശതമാനം) വാക്സിൻ നൽകാനായെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
ആകെ 5,36,582 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. തിങ്കളാഴ്ച 51,766 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. തിരുവനന്തപുരം 1,721, കൊല്ലം 2,762, പത്തനംതിട്ട 2,214, ആലപ്പുഴ 1,789, കോട്ടയം 5,179, ഇടുക്കി 3,588, എറണാകുളം 4,456, തൃശൂർ 1,138, പാലക്കാട് 9,018, മലപ്പുറം 7,695, കോഴിക്കോട് 5,157, വയനാട് 2,064, കണ്ണൂർ 4,808, കാസർകോട് 177 എന്നിങ്ങനേയാണ് കുട്ടികളുടെ വാക്സിനേഷൻ.തിങ്കളാഴ്ച ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്സിൻ സ്വീകരിച്ചത്.