30 C
Kottayam
Friday, May 17, 2024

ഇനിമുതൽ ക്ലാസ്‌റൂമിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വേണ്ട; വിലക്കേർപ്പെടുത്തി ആന്ധ്ര സര്‍ക്കാര്‍

Must read

ഹൈദരാബാദ്: ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ആന്ധ്രപ്രദേശ് സർക്കാർ. മൊബൈൽ ഉപയോഗം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കും എന്നതിനാലാണ് പുതിയ തീരുമാനം.

അധ്യാപകര്‍ എപ്പോഴും ഉപയോഗിച്ചില്ലെങ്കിലും ക്ലാസിനുള്ളില്‍ ഫോണുമായി വരുമ്പോള്‍ കുട്ടികള്‍ക്ക് ശ്രദ്ധയോടെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്ന യുനെസ്‌കോയുടെ 2023-ലെ ഗ്ലോബൽ എജ്യുക്കേഷണൽ മോണിറ്ററിങ് റിപ്പോർട്ട് ഉദ്ധരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

സ്‌കൂളിൽ എത്തിയ ഉടൻ തന്നെ ഹാജർ രേഖപ്പെടുത്തിയ ശേഷം അധ്യാപകർ ഫോണുകൾ സൈലന്റ് മോഡിലാക്കി ഹെഡ്മാസ്റ്ററുടെ കയ്യിൽ ഏൽപ്പിക്കണം. ക്ലാസ് മുറികളിൽ ഫോൺ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ അധ്യാപകർക്കുള്ള ശിക്ഷയും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തെ തവണയാണെങ്കില്‍ ഹെഡ്മാസ്റ്ററോ ഇൻസ്പെക്ഷൻ ഓഫീസറോ ഫോണ്‍ പിടിച്ചെടുത്ത് ആ ദിവസത്തെ സ്കൂള്‍ സമയം അവസാനിക്കുന്നതുവരെ ഓഫീസില്‍ സൂക്ഷിക്കണം. കുറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയാല്‍ മാത്രമേ അധ്യാപകന് ഫോണ്‍ തിരികെ ലഭിക്കൂ. രണ്ടാം തവണയും ഫോണ്‍ ഉപയോഗിച്ചാല്‍ വിദ്യാഭ്യാസ ഓഫീസറെ (എംഇഒ) അറിയിക്കണം. വീണ്ടുമൊരു തവണ കൂടി മുന്നറിയിപ്പ് നല്‍കി ഫോണ്‍ തിരികെ നല്‍കും.

മൂന്നാം തവണയും ആവർത്തിച്ചാൽ ഫോൺ പിടിച്ചെടുത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (ഡിഇഒ) അയക്കും. സർവീസ് ബുക്കിൽ നിയമലംഘനം രേഖപ്പെടുത്തിയ ശേഷം മാത്രമേ അധ്യാപകന് ഫോൺ തിരികെ നൽകൂ. അധ്യാപകര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ പ്രധാനാധ്യാപകർക്ക് നിർദേശം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week