എത്രതിരഞ്ഞിട്ടും കണ്ടെത്താനായില്ല! ഹൈക്കോടതി നിർദേശം, പുത്തൻപാലം രാജേഷ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം: ആംബുലന്‍സ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജേഷും കൂട്ടാളി സാബുവും തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.

ജനുവരി ഒമ്പതിനാണ് പുത്തന്‍പാലം രാജേഷും സംഘവും മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് ആംബുലന്‍സ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പുത്തന്‍പാലം രാജേഷ് കത്തിവീശിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ രാജേഷ് ഒളിവില്‍പ്പോയി. ചെന്നൈയില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News