മാസ്‌കും സാമൂഹിക അകലവും ഇല്ല, മാസ്റ്റര്‍ അഡ്വാന്‍സ് ബുക്കിംഗിന് തള്ളിക്കയറി കാണികൾ
വിജയ് ചിത്രം ‘മാസ്റ്ററിന്റെ’ അഡ്വാന്‍സ് ബുക്കിംഗിനായി തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തി ആരാധകര്‍. ജനുവരി 13 ന് മാസ്റ്റര്‍ റിലീസ് ആകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അഡ്വാന്‍സ് ബുക്കിംഗിനായി തിയേറ്ററിലെത്തിയത് നൂറുകണക്കിന് പേര്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇപ്പോഴിതാ ഇതിനെതിരെ വിമര്‍ശനവുമായി നിരവധി പോരണ് രംഗത്തെത്തിയിരിക്കുന്നത്. പൊങ്കല്‍ റിലീസായാണ് വിജയുടെ മാസ്റ്റര്‍ തിയേറ്ററിലെത്തുക. തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവ് തിരുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടതിന് പിന്നാലെ 50 ശതമാനം പേരെ മാത്രമേ തിയേറ്ററുകളില്‍ അനുവദിക്കൂ എന്ന് തീരുമാനം എടുത്തിരുന്നു.
ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്ക്ക് പുറമേ വിജയ് സേതുപതി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി കാരണം നഷ്ടത്തിലായ സിനിമാ വ്യവസായത്തെ മാസ്റ്റര്‍ റിലീസ് കൊണ്ട് തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചിത്രം റിലീസിനെത്തിക്കുന്നത്.