തിരുവനന്തപുരം: വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രാത്രി 9 മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.
ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തേതന്നെ നിർദേശം നൽകിയിരുന്നു. 2020 മാർച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവന്മാർക്കാണ്.
പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം. അപകടകരമായ സ്ഥലങ്ങളിലേക്ക് യാത്ര പോകരുത്.
അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
ആഹ്ലാദത്തോടെ യാത്രയാക്കി ഇരുട്ടി വെളുക്കും മുൻപേ കണ്ണീർക്കളമായി മാറിയ അക്ഷരമുറ്റത്തു തേങ്ങലുമായി നാടും നാട്ടുകാരും. പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽ മരിച്ച അഞ്ചു വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളില്‍ പൊതുദർശനത്തിനുവച്ച ശേഷം വീടുകളിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്നുമണിയോടെയാണ് സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചത്. പ്രിയ വിദ്യാർഥികളുടെയും അധ്യാപകന്റെയും വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ കലാലയം കണ്ണീരണിഞ്ഞു.
മന്ത്രിമാരായ ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ.ബാബു, അനൂപ് ജേക്കബ്, പി.വി. ശ്രീനിജിൻ. മുൻ എംഎൽഎമാരായ എം.സ്വരാജ്, എം.ജെ. ജേക്കബ്, വി.പി.സജീന്ദ്രൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് തുടങ്ങിയവരുൾപ്പെടെ സ്കൂളിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
രിച്ച 9 പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച് ജൻമനാടുകളിലേക്ക് കൊണ്ടുപോയി. 4 പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ചെയ്തത്. വിനോദയാത്ര സംഘത്തിന്റെ ബസിൽ 42 വിദ്യാർഥികളും അഞ്ച് അധ്യാപകരും കെഎസ്ആർടിസി ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. നിലവിൽ രണ്ട് പേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ നെന്മാറ അവൈറ്റിസ് ആശുപത്രിയിലും ചികിത്സയിലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലുള്ള ആരുടെയും പരുക്ക് ഗുരുതരമല്ല.
എറണാകുളത്തു നിന്നു പുറപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായികാധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വടത്തറയിൽ കുട്ടപ്പന്റെ മകൻ വി.കെ.വിഷ്ണു (33), തൃപ്പൂണിത്തറ ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അജിത്തിന്റെ മകൾ അഞ്ജന അജിത്ത് (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷ് (15), മുളന്തുരുത്തി അരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം.സന്തോഷിന്റെ മകൻ സി.എസ്.ഇമ്മാനുവൽ (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി.തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ് (15), എറണാകുളം തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ് (15) എന്നിവരാണ് മരിച്ചത്. അധ്യാപകന്റെയും എൽന ജോസ് ഒഴികെ മറ്റു വിദ്യാർഥികളുടെയും മൃതദേഹം ഇന്നു സംസ്‌കരിച്ചു. എൽന ജോസിന്റെ സംസ്കാരം നാളെ.
കെഎസ്ആർടിസി യാത്രക്കാരായ കൊല്ലം പൂയപ്പള്ളി വലിയോട് വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൾ അനുപ് (22), കൊല്ലം പുനലൂർ മണിയാർ ധന്യഭവനിൽ ഉദയഭാനുവിന്റെ മകൻ യു.ദീപു (26), തൃശൂർ നടത്തറ കൊഴിക്കുള്ളി ഗോകുലത്തിൽ രവിയുടെ മകൻ രോഹിത് രാജ് (24) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.