ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍. നിലവിലെ സ്ഥിതിയനുസരിച്ചും, ലഭ്യമായ തെളിവുകളനുസരിച്ച് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതിന്റെ ആവശ്യമില്ല നീതി ആയോഗ് അംഗം ഡോ എം കെ പോള്‍ പറഞ്ഞു. ബ്രിട്ടനിലെ കോവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ ശ്രേണിയിലെ വൈറസ് ഇന്ത്യയില്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളെ ബാധിക്കില്ല. വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടനില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന സൂചനകള്‍ക്ക് ശക്തിപകര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം ആരംഭിച്ചു. വാക്‌സിന്‍ എങ്ങനെ ജനങ്ങള്‍ക്ക് നല്‍കണമെന്നതിനെ കുറിച്ച് 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കി വരുന്നത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട മറ്റ് മുന്നൊരുക്കങ്ങളും അതിവേഗമാണ് പുരോഗമിക്കുന്നത്.
വാക്‌സിന്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനമുള്ള 609 സ്ഥലങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രി, ലോക്‌നായക് ആശുപത്രി, കസ്തൂര്‍ബ ആശുപത്രി, അംബേദ്ക്കര്‍ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്നത്.