ന്യൂഡല്‍ഹി: മദ്യ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി ഡല്‍ഹി ഹൈക്കോടതി. നേരത്തെ വിചാരണ കോടതിയുടെ ജാമ്യം അനുവദിച്ച തീരുമാനത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇടക്കാല സ്‌റ്റേ പിന്‍വലിക്കാനാവില്ലെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളി. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കോടതി സ്‌റ്റേ പിന്‍വലിക്കാനുള്ള ഹര്‍ജി പരിഗണിച്ചത്.
വിചാരണക്കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു. റോസ് അവന്യൂ കോടതി ജാമ്യം നല്‍കുമ്പോള്‍ ശരിയായ രീതിയില്‍ ബുദ്ധി ഉപയോഗിച്ചില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിചാരണക്കോടതിയുടെ വിധിയില്‍ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
കെജ്രിവാളിന് ജാമ്യം അനുവദിച്ചപ്പോള്‍ പ്രോസിക്യൂഷന് ഇതിനെ ചോദ്യം ചെയ്യാന്‍ മതിയാ സമയം നല്‍കിയില്ല. കെജ്രിവാളിന്റെ മോചനത്തിന് മതിയായ നിബന്ധനകള്‍ നല്‍കുന്നതിലും കോടതി പരാജയപ്പെട്ടു. കള്ളപ്പണ നിയമപ്രകാരമുള്ള കേസുകളില്‍ ഇത്തരം നിബന്ധനകള്‍ ജാമ്യത്തിനുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കെജ്രിവാളിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ കൃത്യമായി പരിഗണിക്കേണ്ടിയരുന്നു. സെക്ഷന്‍ 70 പ്രകാരമുള്ള കാര്യങ്ങള്‍ വിധിയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇഡി ഉന്നയിച്ച തടസ്സ വാദങ്ങളോ, മുന്നില്‍ ഉള്ള തെളിവുകളോ റോസ് അവന്യു കോടതിയിലെ അവധിക്കാല ജഡ്ജി പരിഗണിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
നേരത്തെ റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജാമ്യം അനുവദിച്ച വിധിയില്‍ പിഴവുകളുണ്ടെന്നായിരുന്നു ഇ ഡി ഉന്നയിച്ചത്. തുടര്‍ന്ന് ഇരുപക്ഷത്തിന്റെ വാദം കേട്ട കോടതി ജാമ്യം നല്‍കാനുള്ള വിധിക്ക് സ്‌റ്റേ അനുവദിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച ഇടക്കാല സ്‌റ്റേക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു കെജ്രിവാള്‍. എന്നാല്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഹൈക്കോടതി ജാമ്യം പിന്‍വലിച്ച സാഹചര്യത്തില്‍ അതില്‍ ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
അതേസമയം ഹൈക്കോടതിയുടെ നടപടികള്‍ അസാധാരണമാണെന്ന് ജസ്റ്റിസ് മനോജ് മിശ്ര പറഞ്ഞിരുന്നു. സ്റ്റേ സംബന്ധമായ ഉത്തരവുകള്‍ മാറ്റിവെക്കുന്ന ശീലമില്ല. അപ്പോള്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്. എന്നാല്‍ കെജ്രിവാളിന്റെ കേസില്‍ നടപടി അസാധാരണമാണെന്നും മിശ്ര പറഞ്ഞു.
നേരത്തെ സുപ്രീം കോടതിയില്‍ വാദത്തിനിടെ എന്തുകൊണ്ട് തനിക്ക് ഇടക്കാലം ജാമ്യം അനുവദിക്കുന്നില്ലെന്ന് കെജ്രിവാള്‍ ചോദിച്ചിരുന്നു. കെജ്രിവാള്‍ നിരന്തരം കുറ്റം ചെയ്യുന്ന ഒരാള്‍ അല്ലെന്നും, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടില്ലെന്നും കെജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് സിംഗ്വി പറഞ്ഞിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് പ്രചാരണം കഴിഞ്ഞ ശേഷമാണ് കെജ്രിവാള്‍ ജയിലില്‍ മടങ്ങിയെത്തിയത്.