രാഹുലിനെതിരായ രണ്ടാമത്തെ കേസ്; അറസ്റ്റ് തടയാതെ കോടതി, ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം: രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി ഡിസംബര്‍ എട്ടിന് പരിഗണിക്കും. കേസില്‍ രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. കേസില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു.

ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ഫയല്‍ ചെയ്തത്.

ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ചെയ്യുകയായിരുന്നു. കോടതി അത് ഫയലില്‍ സ്വീകരിച്ചു.

ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് കോടതി കേസ് പരിഗണിച്ചത്. അവിടെ, രാഹുലിനെതിരായ ആദ്യ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ കേസും രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് അഭിഭാഷകന്‍ വാദിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ് അതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

കേസില്‍ വാദം കേട്ട കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല എന്നതാണ് നിര്‍ണായകം. മൊഴി രേഖപ്പെടുത്തുന്നതുവരെ അറസ്റ്റ് നടപടികള്‍ ഉണ്ടാകില്ല എന്നാണ് വിവരം. തിങ്കളാഴ്ചയ്ക്കകം കേസില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News