കൊച്ചി:തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നായിക നടിയാണ് നിത്യ മേനോൻ. ആകാശ ഗോപുരം, ഉറുമി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട നിത്യക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത് തെലുങ്കിൽ നിന്നാണ്. നടിക്ക് താരതമ്യേന ആരാധകർ കൂടുതലുള്ളതും തെലുങ്കിലാണ്.
തമിഴിൽ നടി ചെയ്യുന്ന സിനിമകൾ കുറവാണ്. പക്ഷെ ചെയ്തവയൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇരുമുഖൻ, മേർസൽ, കാഞ്ചന 2, തിരുച്ചിത്രമ്പലം തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്. മലയാളത്തിൽ ഇടയ്ക്ക് വന്ന് പോവുന്ന നടി മാത്രമാണ് നിത്യ.
അതേസമയം അടുത്തിടെ 19 (1) A, വണ്ടർ വുമൺ എന്നീ രണ്ട് സിനിമകൾ നടിയുടേതായി റിലീസ് ചെയ്തു. തുടക്ക കാലത്ത് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടുണ്ടായ വിവാദങ്ങൾ മലയാള സിനിമയിലെ നിത്യയുടെ കരിയറിന് തിരിച്ചടിയായി. പ്രൊഡ്യൂസർമാരോട് ബഹുമാനക്കുറവ് കാണിച്ചെന്ന് പറഞ്ഞ് നിത്യ മേനോനെതിരെ വിലക്ക് പ്രഖ്യാപിക്കുകയുമുണ്ടായി.
എന്നാൽ പിന്നീടിത് നീക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തോടെ നിത്യ മേനോൻ മലയാള സിനിമയിൽ നിന്ന് പതിയെ അകന്ന് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നൽകിയ അഭിമുഖത്തിലും നിത്യ ഇതേപറ്റി സൂചിപ്പിച്ചിരുന്നു. വിവാദം മൂലം തന്നെ പറ്റി പലർക്കും മുൻ ധാരണകളുണ്ടെന്നാണ് നടി പറഞ്ഞത്.
അതേസമയം തെലുങ്ക് സിനിമാ ലോകം നടിക്ക് ധാരാളം അവസരങ്ങൾ നൽകി. അല്ലു അർജുൻ, രാം ചരൺ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം നടി തെലുങ്ക് സിനിമകളിൽ അഭിനയിച്ചു. സിനിമകളിൽ നിന്ന് ഇടയ്ക്കിടെ ഇടവേളയെടുക്കുന്ന താരമാണ് നിത്യ മേനോൻ.
ഇപ്പോഴിതാ നിത്യ മേനോനെ പ്രശംസിച്ച് കൊണ്ട് നടി അദിതി രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിനയം കണ്ടിട്ട് അസൂയ തോന്നിയ നടി ആരെന്ന ചോദ്യത്തിന് നിത്യ മേനോന്റെ പേരാണ് അദിതി രവി രവി പറഞ്ഞത്.
നിത്യ മോനോനെ വളരെ ഇഷ്ടമാണ്. അവരുടെ ഏത് സിനിമ വന്നാലും വന്നിരുന്ന് കാണുന്ന ആർട്ടിസ്റ്റാണെന്നും അദിതി രവി പറഞ്ഞു. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
മറ്റുള്ള താരങ്ങളെക്കുറിച്ചും അദിതി രവി സംസാരിച്ചു. ആസിഫ് അലി വളരെ ജെനുവിനായ ആളാണ്. കുറച്ച് ഷൈയാണ്. പിന്നെ പരിചയപ്പെട്ട് കഴിഞ്ഞാൽ സംസാരിക്കും. ഫേക്കായി സംസാരിക്കില്ല. അലമാര സിനിമയിൽ ഒപ്പമഭിനയിച്ച സണ്ണി വെയ്ൻ അധികം സംസാരിക്കില്ല. ഞാനെന്റെ സീൻ ചെയ്യും. ആൾ ആളുടെ സീൻ ചെയ്ത് പോയിരിക്കും.
സിനിമ ചെയ്ത് തീരാറാവുമ്പോഴാണ് ഞാനൊന്ന് മിംഗിൾ ആവുക. ആദ്യ സിനിമ കൂടി ആയതിനാൽ എനിക്ക് സംസാരിക്കാനേ പറ്റിയില്ല. സിനിമ കഴിയാറായപ്പോഴാണ് ഞങ്ങൾ സംസാരിച്ചതെന്നും അദിതി രവി പറഞ്ഞു.
2014 ൽ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിൽ സഹനടിയായാണ് അഭിനയ രംഗത്തേക്കുള്ള അദിതിയുടെ കടന്ന് വരവ്. 201 7ൽ അലമാര എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. ട്വൽത്ത് മാൻ, ആദി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം നടി ചെയ്തു.