ന്യൂഡൽഹി: ജനതാദൾ (യു) നേതാവ് നിതീഷ് കുമാർ മഹാസഖ്യം വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. നിതീഷ് കുമാറിന്റെ വഞ്ചനയ്ക്ക് ജനങ്ങൾ ഒരിക്കലും മാപ്പു നൽകില്ല. നിറംമാറുന്നതിൽ ഓന്തിനു വെല്ലുവിളിയാണ് അദ്ദേഹമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചു.
‘‘ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനായി ഒരു രാഷ്ട്രീയ നാടകം കളിക്കുകയാണ് നിതീഷ് കുമാർ ചെയ്തത്. വൈകാതെ തന്നെ യാത്ര ബിഹാറിലെത്തും. പ്രധാനമന്ത്രിയും ബിജെപിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ ഭയപ്പെടുകയാണ്.
മുന്നോട്ടുള്ള യാത്രയിൽ സ്പീഡ് ബ്രേക്കറുകൾ സ്വാഭാവികമാണ്. നിതീഷിന്റെ രാജി ഒരു സ്പീഡ് ബ്രേക്കർ പോലെ മാത്രമേ കാണുന്നുള്ളൂ. ഡിഎംകെ, എൻസിപി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരെല്ലാം ഒറ്റക്കെട്ടായി ബിജെപിയെ നേരിടും. രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുന്ന നിതീഷ് നിറംമാറുന്നതിൽ ഓന്തുകൾക്ക് കടുത്ത വെല്ലുവിളിയാണ്’’– ജയറാം രമേഷ് പറഞ്ഞു.
നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേരുമെന്ന് മുന്‍പു തന്നെ അറിയാമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയും പ്രതികരിച്ചു. ‘‘ഇന്ത്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് അറിഞ്ഞിട്ടും നിശബ്ദത പാലിച്ചത്. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പു നൽകിയിരുന്നു. അത് യാഥാർഥ്യമായി’’– ഖർഗെ കൂട്ടിച്ചേർത്തു.
ബിഹാറിൽ നടന്നതിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് താരിഖ് അൻവറിന്റെ പ്രതികരണം. ഒരാളെ വിവാഹം കഴിച്ച് മറ്റൊരാളുമായി ബന്ധം പുലർത്തുന്നതാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയമെന്നും താരിഖ് അൻവർ പരിഹസിച്ചു.