കൊച്ചി:നീണ്ട 14 വർഷങ്ങൾക്കുശേഷം നടി നിത്യ ദാസ് വീണ്ടും നായികയായി വെള്ളിത്തിരയിലെത്തുന്ന ചിത്രം പള്ളിമണി തിയേറ്ററുകളിലെത്തി. ശ്വേതാ മേനോൻ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എൽ.എ മേനോൻ പ്രൊഡക്ഷന്റെ ബാനറിൽ ലക്ഷമി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ക്രസന്റ് റിലീസും എൽ.എ മേനോൻ പ്രൊഡക്ഷൻസും ചേർന്നാണ് റിലീസിന് എത്തിച്ചിരിക്കുന്നത്.
പൂർണമായും ഒരു സൈക്കോ ഹൊറർ ത്രില്ലറാണ് ചിത്രം. കെ.വി അനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനിൽ ചിത്രശാല ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് രവിയാണ്.
ഭയപ്പെടുത്തുന്ന ഒരു രാത്രിയിൽ വിജനമായ ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്ന ദമ്പതികളുടേയും മക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ദിനേശ് പണിക്കർ ഹരികൃഷ്ണൻ, കൈലാഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിത്യ ദാസ് മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തി എങ്കിലും സിനിമയിലേക്ക് തിരികെ വരാത്തത് എന്താണെന്നുള്ള കാര്യം വളരെ നാളുകളായി ആരാധകർ ചോദിക്കുന്ന ഒന്നായിരുന്നു. സിനിമകൾ ചെയ്യാറില്ലായിരുന്നുവെങ്കിലും നിത്യ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.
കോഴിക്കോട് സ്ഥിരതാമസമായ നിത്യ തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ‘പറക്കും തളികയ്ക്ക് വേണ്ടി പുഴയിൽ അമ്പത് തവണയെങ്കിലും മുങ്ങി കാണും. അവർ ചിരിച്ചോണ്ട് വരാൻ പറയും. ഞാൻ ശ്വാസം കിട്ടാതെയാണ് വെള്ളത്തിൽ നിന്നും പൊങ്ങി വന്നത്.’
‘മുപ്പത്തിയഞ്ചിൽ കൂടുതൽ ടേക്ക് ആ രംഗത്തിന് മാത്രം പോയി കാണും. അവസാനം ഞാൻ പറഞ്ഞു അഭിനയം നിർത്തുകയാണെന്ന്. മലയാളി അല്ലാത്തൊരു ചെക്കനെ കല്യാണം കഴിച്ചത് കൊണ്ട് വലിയ പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് അവസരം വരാതിരുന്നത് കൊണ്ട് അഭിനയിക്കാതിരുന്നതാണ്.’
‘അന്ന് ആരാധകർ കത്ത് എഴുതി അയക്കുമായിരുന്നു. അങ്ങനെയാണ് സ്നേഹം പ്രകടിപ്പിച്ചിരുന്നത്. വീട്ടിലാർക്കും ആദ്യം മറ്റൊരു സംസ്ഥാനത്തേക്ക് കല്യാണം കഴിപ്പിച്ച് വിടുന്നതിനോട് താൽപര്യമില്ലായിരുന്നു.’
‘പിന്നെ അദ്ദേഹത്തിന്റെ സഹോദരന്റെ കല്യാണത്തിന് ഞങ്ങളെ കുടുബംത്തോടെ ക്ഷണിച്ചിരുന്നു. എന്റെ കല്യാണം ഗുരുവായൂരായിരുന്നു. മോള് നൈന ഭയങ്കര അണ്ടർസ്റ്റാന്റിങാണ്. അവൾ എന്റെ പ്രോഗ്രാമുകളും സിനിമകളും കണ്ട് കൃത്യമായി അഭിപ്രായം പറയും. എന്റെ അച്ഛനും അമ്മയും കല്യാണത്തിന് സമ്മതിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹവുമായുള്ള പ്രണയം വേണ്ടായെന്ന് വെക്കുമായിരുന്നു.’
‘എനിക്കിപ്പോൾ ഇൻസ്റ്റഗ്രാം ഒരു വരുമാന മാർഗം കൂടിയാണ്. തിയേറ്ററിൽ പോയി കാണേണ്ട സമയമാണ് പള്ളിമണി. പറക്കും തളിക ഫസ്റ്റ്ഡെ സിനിമ കാണാൻ പോയപ്പോൾ എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നെ രാത്രിയാണ് സിനിമ കണ്ടത്.’
‘മക്കൾ വന്നശേഷം ക്ഷമ പഠിക്കുന്നുണ്ട്. മലയാളം പറയാനാണ് എനിക്കിഷ്ടം. മക്കളും മലയാളം പറയണമെന്നാണ് എന്റെ ആഗ്രഹം. മക്കൾക്ക് മലയാളം അറിയില്ലെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. ആവശ്യത്തിനുള്ള പഞ്ചാബിയെ ഞാൻ പഠിച്ചിട്ടുള്ളു.’
‘പക്ഷെ എനിക്ക് കാര്യങ്ങൾ മനസിലാകും. ഒരു പാൻ ഇന്ത്യൻ കുടുംബമാണ്. സിനിമയുടെ ഒന്നും അറിയാത്ത കാലത്താണ് പറക്കും തളിക ചെയ്തത്. അഭിനയം എന്താന്ന് അറിയാതെ അഭിനയിച്ചതാണ്. ദിലീപേട്ടൻ എനിക്ക് ഏട്ടൻ എന്നൊരു ഫീലാണ്.’
‘അന്നും ഇന്നും അദ്ദേഹത്തോേട് ആ സ്നേഹമുണ്ട്. മഞ്ജു ചേച്ചിയാണ് എന്നെ ദിലീപേട്ടന് കാണിച്ചുകൊടുത്തത്. കല്യാണത്തിന് മുമ്പ് തന്നെ കോഴിക്കോട് വിട്ട് വരില്ലെന്ന് പറഞ്ഞിരുന്നു. കോഴികളെ കുത്തിനിറച്ച് ഒരു വണ്ടിയിൽ കൊണ്ടുപോകുന്നത് കണ്ടശേഷം ചിക്കൻ കഴിക്കുന്നത് നിർത്തി.’
‘അന്ന് ആ രംഗം കണ്ടപ്പോൾ ഒരു ദയതോന്നി. പുറത്തുള്ള ആളുകൾക്ക് മകൾ സുപരിചിതയാണെന്നുള്ള കാര്യം അവൾക്ക് അറിയില്ല. അതേകുറിച്ച് അവൾക്ക് വലിയ ധാരണയില്ല. ഹ്യൂമർ റോളുകൾക്ക് ആരും ഇതുവരെ വിളിച്ചിട്ടില്ല’ നിത്യ ദാസ് പറഞ്ഞു.